ഐപിഎല്ലിന് കളമൊരുങ്ങുന്നു; തിയ്യതിയും വേദികളും പുറത്തുവിട്ട് ബിസിസിഐ

0
202

മുംബൈ: സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം 26ന് ആരംഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം. ഇത് ഗവേണിംഗ് ബോഡി അംഗീകരിക്കുകയായിരുന്നു.

നേരത്തെ മാര്‍ച്ച് 29-ന് ലീഗ് ആരംഭിക്കാനായിരുന്നു ആലോചിച്ചിരുന്നത്. പുതുക്കിയ ഫിക്‌സ്ചര്‍ പ്രകാരം മേയ് 29-നാണ് ഫൈനല്‍. ഇത്തവണ പത്ത് ടീമുകള്‍ ഐപിഎല്ലിന് ഉള്ളതിനാല്‍ മത്സരങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും.

മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും. 15 വീതം മത്സങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം തേടും.

ഇതോടെ കൊവിഡ് മഹാമാരിയുടെ ഇടവേള കഴിഞ്ഞ് ഐപിഎല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. 2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിന് ഇന്ത്യ വേദിയൊരുക്കുന്നത്. അതേസമയം ഒരു ടീമിനും ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ല. നേരത്തെ, മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയില്‍ കളിപ്പിക്കരുതെന്ന് മറ്റു ടീമുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുംബൈയിലെ തന്നെ മറ്റു വേദികളില്‍ കളിക്കുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പില്ല.

LEAVE A REPLY

Please enter your comment!
Please enter your name here