ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നില്ല, എന്നാൽ യുദ്ധം നീണ്ടുപോയാൽ രാജ്യത്തെ പെട്രോൾ വില ഉയരുക 20 രൂപയോളം, പിന്നിലെ കാരണമിത്

0
331

ന്യൂഡൽഹി: യുക്രെയിൻ – റഷ്യ യുദ്ധം തുടങ്ങിയതോടെ ഇന്ധനവില കുതിച്ചുയരുമെന്നത് സംശയമില്ലാത്ത കാര്യമാണ്. ഇതിനോടകം തന്നെ വില ബാരലിന് 100 ഡോള‌ർ കടന്നെന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര ശുഭകരമായ കാര്യമല്ല. എണ്ണ ഉത്പാദനത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് റഷ്യയ്ക്കുള്ളത്. ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനത്തിലേറെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയാകട്ടെ റഷ്യയിൽ നിന്ന എണ്ണ ഇറക്കുമതി ചെയ്യുന്നതുമില്ല. എന്നാൽ യുദ്ധം നീണ്ടുപോയാൽ എണ്ണ വിലയുടെ കാര്യത്തിൽ ഏറ്റവും വലിയ അടി കിട്ടുക ഇന്ത്യയ്ക്കായിരിക്കും.

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ബാരലിന് 75 മുതൽ 84 ഡോള‌ർ എന്ന നിലയിൽ നിൽക്കുന്നതാണ് ഇന്ത്യയെ സംബന്ധിച്ച് അനുകൂലമായ നിരക്ക്. എന്നാൽ ഇതിനോടകം അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില ഉയർന്നിട്ടും ഉത്ത‌ർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇലക്ഷൻ നടക്കുന്നതിനാൽ ഇന്ത്യ വിലവർദ്ധനവിന് തയ്യാറായിരുന്നില്ല. എന്നാൽ ഇലക്ഷൻ കഴിയുന്നതോടെ വർദ്ധനവ് ഉടൻ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. നവംബർ നാലിനാണ് അവസാനമായി ഇന്ത്യയിൽ ഇന്ധനവില വർദ്ധിപ്പിച്ചത്.

അതേസമയം യുദ്ധം തുടർന്നാൽ മറ്റ് രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാദ്ധ്യതയുള്ളതിനാൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങൾ മറ്റ് ഒപെക് രാജ്യങ്ങളെ എണ്ണയ്ക്കായി ആശ്രയിക്കുമെന്നതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്. അത്തരത്തിലൊരു സ്ഥിതി വന്നാൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുതിച്ചുയരും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പെട്രോൾ വില ലിറ്ററിന് 125 രൂപ വരെയാകാനുള്ള സാദ്ധ്യതയും ഉയർന്നേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here