ആഡംബര ബസ് കിലോ 45 രൂപ; ആക്രിവിലയ്ക്ക് വില്‍ക്കാനൊരുങ്ങി ഉടമ

0
279

ക്ഷങ്ങള്‍ മുടക്കി വാങ്ങിയ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കി വില്‍ക്കാനൊരുങ്ങി കൊച്ചിയിലെ റോയല്‍ ട്രാവല്‍സ് ഉടമ റോയി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ബസുകള്‍ തൂക്കി വില്‍ക്കുന്നുവെന്ന് ബസുടമ സമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. അധികം പഴക്കമില്ലാത്ത വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍, നിവൃത്തികേട് കൊണ്ടാണ് വാഹനം വില്‍ക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

കേരളത്തിലെ എല്ലാ ടൂറിസ്റ്റ് ബസുകളും ലോണ്‍ എടുത്താണ് വാങ്ങിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോണ്‍ തിരിച്ചടവ്‌ മുടങ്ങിയതോടെ ഫിനാന്‍സുകാര്‍ വീട്ടിലെത്തി തുടങ്ങിയതോടെയാണ് ബസുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് റോയി പറയുന്നത്. തന്റെ വാഹനങ്ങളില്‍ ചിലതിന്റെ ഫിനാന്‍സ് കഴിഞ്ഞതാണ്. അതിനാല്‍ ആ ബസുകള്‍ വിറ്റ് ലോണ്‍ തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനമായി വില്‍ക്കാന്‍ ബുദ്ധിമുട്ട് ആയതിനാലാണ് കിലോ 40 രൂപയ്ക്ക് തൂക്കി വില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി ഒന്നിന് ടാക്‌സും ഇന്‍ഷുറന്‍സും അടച്ച് വാഹനം നിരത്തുകളില്‍ ഇറക്കിയിരുന്നു. എന്നാല്‍, വഴി നീളെ പോലീസ് ചെക്കിങ്ങിന്റെ പേരില്‍ ബുദ്ധിമുട്ട് നേരിടുകയാണ്. 44,000 രൂപ ടാക്‌സ് അടച്ച തന്റെ ഒരു ബസിന് ഞായറാഴ്ച ഓടിയെന്ന് കാണിച്ച് കേവളം പോലീസ് 2000 രൂപ പിഴ നല്‍കി. ഡ്രൈവറിന്റെ കൈവശം പണമില്ലാത്തതിനാല്‍ യാത്രക്കാരനില്‍നിന്ന് ആ പണം വാങ്ങിയാണ് പിഴയൊടുക്കിയതെന്നാണ് റോയി പറയുന്നത്.

മുന്‍കൂട്ടി നിശ്ചയിക്കുന്ന ടൂറുകള്‍ നടത്താമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഓട്ടമെടുത്തത്. ടാക്‌സിന് പുറമെ, 80,000 രൂപ ഇന്‍ഷുറന്‍സ് അടച്ചാണ് ഈ ബസുകള്‍ റോഡിലിറങ്ങുന്നത്. വാഹനങ്ങളുടെ രേഖകള്‍ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വാഹന്‍ സൈറ്റില്‍ പരിശോധിക്കാം. ഇതില്‍ വാഹനത്തിന്റെ പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, പുക പരിശോധന, ടാക്‌സ് തുടങ്ങി എല്ലാം അടച്ചതിന്റെ വിവരങ്ങളുണ്ട്. എന്നിട്ടും പോലീസ് ബസിന് പിഴയിടുകയായിരുന്നു.

വാഹനം വില്‍ക്കുന്നത് പ്രതിഷേധമായി മാത്രമല്ല, ഈ ബസുകള്‍ വില്‍ക്കുകയാണെങ്കില്‍ തനിക്ക് താത്കാലികമായെങ്കിലും പിടിച്ച് നില്‍ക്കാന്‍ സാധിക്കും. വാഹനങ്ങളുടെ ലോണ്‍ അല്‍പ്പമെങ്കിലും അടയ്ക്കാന്‍ സാധിക്കുമെന്നും റോയി പറഞ്ഞു. കേരളത്തിലേക്ക് വരാനിരുന്ന യാത്രക്കാര്‍ മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര മാറ്റുകയാണ്. ഇതിനൊപ്പം അനാവശ്യമായ പോലീസ് ചെക്കിങ്ങുകള്‍ ഉള്‍പ്പെടെയുള്ള നടപടി കൂടി ഈ മേഖലയെ ബുദ്ധമുട്ടിക്കുകയാണ്. വാഹനം വില്‍ക്കുന്നതിലൂടെ കടബാധ്യതയെങ്കിലും കുറയുമല്ലോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

റോയല്‍ ട്രാവല്‍സിന്റെ പേരില്‍ 20 ബസുകള്‍ ലോക്ക്ഡൗണിന് മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍, 10 വാഹനങ്ങള്‍ കിട്ടിയ വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയായിരുന്നു. ഇനിയുള്ള ബസുകള്‍ കൂടി വിറ്റാല്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. എല്ലാം ബസുകളും വില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലോണ്‍ ഉള്ളതിനാല്‍ അത് സാധിക്കില്ല. 36 മുതല്‍ 40 ലക്ഷം രൂപ വരെ ലോണ്‍ ഉള്ള ബസുകളാണ് തനിക്കുള്ളതെന്നാണ് റോയി പറയുന്നത്. നിരന്തരമായി പിഴ ഉള്‍പ്പെടെയുള്ള നടപടികളും വരുന്നതോടെയാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here