സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

0
173

ശ്രീലങ്കൻ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തി. ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമയെ പ്രഖ്യാപിച്ചു. മുൻ നായകൻ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർക്ക് ട്വന്റി20 പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ചു.

പരുക്കേറ്റ് കുറച്ചുകാലമായി പുറത്തിരിക്കുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ട്വന്റി20 ടീമിൽ തിരിച്ചെത്തി. കുൽദീപ് യാദവ് ടെസ്റ്റ്, ട്വന്റി20 ടീമുകളിൽ ഇടംപിടിച്ചു. ടെസ്റ്റ് ടീമിലും അഴിച്ചുപണിയുണ്ട്. ഫോമിലല്ലാത്ത വെറ്ററൻ താരങ്ങളായ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവരെ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കി. പരുക്കേറ്റ കെ.എൽ. രാഹുൽ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമിൽ പുതുമുഖമായ സൗരഭ് കുമാർ ഇടംപിടിച്ചു.

ഇന്ത്യൻ ട്വന്റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ആവേശ് ഖാൻ

ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), മയാങ്ക് അഗർവാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ

ഈ മാസം 24ന് ലഖ്നൗവിലാണ് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളാണ് ശ്രീലങ്ക, ഇന്ത്യയിൽ കളിക്കുക. 24ന് ലഖ്നൗവിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 26ന് ധർമശാലയിൽ. തൊട്ടടുത്ത ദിവസം ഇതേ വേദിയിൽ മൂന്നാം മത്സരവും നടക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.മാർച്ച് നാലിന് മൊഹാലിയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാർച്ച് 12ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ഇത് പിങ്ക് ബോൾ ടസ്റ്റാണെന്ന പ്രത്യേകതയുമുണ്ട്.

കോഹ്‌ലിയുടെ 100-ാം ടെസ്റ്റും ഈ പരമ്പരയിൽ കാണാം. കഴിഞ്ഞ മാസമാണ് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത്. അതേസമയം, കോഹ്‌ലിയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും വിൻഡീസിനെതിരായ അവസാന ടി20യിൽ കളിക്കില്ല. ദീർഘകാലമായി ബയോ ബബിളിൽ തുടരുന്ന ഇരുവർക്കും ഇടവേള നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലും ഇരുവരും കളിക്കില്ല. എന്നാൽ ടെസ്റ്റ് ടീമിൽ ഇരുവരേയും ഉൾപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here