സംസ്ഥാനത്ത് സ്വർണവില കുതിക്കും? 57000 രൂപ വരെയാകാൻ സാധ്യത

0
230

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ. ബാങ്കുകളിൽ നിന്ന് വ്യാപാരികൾ വാങ്ങുന്ന സ്വർണ നിരക്ക് ഉയർന്നേക്കും. 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 57000 രൂപയിലേക്ക് ഉയരാനും സാധ്യതയുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അബ്ദുൾ നാസർ പറഞ്ഞു.

രാജ്യാന്തര പേയ്മെന്‍റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായതോടെയാണ് സ്വർണവിലയും ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും. അങ്ങിനെ വരുമ്പോൾ സ്വർണമായിരിക്കും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള റഷ്യയിലെ പുതിയ കറൻസിയാവുകയെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനം.

അടുത്ത 12 മുതൽ 15 വരെ ദിവസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയ്ക്ക് വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്വർണ്ണത്തിന്റെ വില ഏറ്റവും കുറഞ്ഞത് 1856 ഡോളറിനും ഉയർന്നത് 2150 ഡോളർ വരെയും ആയിരിക്കാമെന്നാണ് വിപണിയിലെ വിലയിരുത്തൽ. ഇന്ത്യൻ രൂപയിൽ 24 കാരറ്റ് സ്വർണത്തിന് പത്ത് ഗ്രാമിന്റെ വില 49500 രൂപയ്ക്കും 57000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് വിലയിരുത്തലെന്നും അഡ്വ അബ്ദുൾ നാസർ അറിയിച്ചു.

‘അന്താരാഷ്ട്ര തലത്തിലെ മാറ്റം താഴേത്തലത്തിൽ വരെ പ്രതിഫലിക്കും. ബാങ്കുകൾ ആഗോള തലത്തിൽ കറൻസി മൂല്യത്തെയും മറ്റും അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. 24 കാരറ്റ് സ്വർണത്തിന്റെ വില വർധിക്കുമ്പോൾ 22 കാരറ്റ് സ്വർണത്തിനും 18 കാരറ്റ് സ്വർണത്തിനും വില ഉയരും,’ – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണ വില സംസ്ഥാനത്ത് കുത്തനെ ഉയർന്നിരുന്നു. യുക്രൈനെ അതുവരെ ശക്തമായി അനുകൂലിച്ച നാറ്റോയും അമേരിക്കയും റഷ്യക്കെതിരെ ആയുധമെടുക്കുമെന്ന ഭീതി അന്താരാഷ്ട്ര വിപണിയെ സ്വാധീനിച്ചതായിരുന്നു വില ഉയരാൻ കാരണം. എന്നാൽ സ്വർണവില താഴുന്നതാണ് പിന്നീട് കണ്ടത്.

റഷ്യക്കെതിരെ അമേരിക്കയും വിവിധ ലോകരാജ്യങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തില്‍ ഏറ്റവും പ്രഹരശേഷിയുള്ളതാണ് സ്വിഫ്റ്റിന്‍റെ വിലക്ക്. ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലെ ബാങ്കുകള്‍ തമ്മിലുള്ള രാജ്യാന്തര പേയ്മെന്‍റ് നെറ്റ് വര്‍ക്കാണ് സ്വിഫ്റ്റ്. മെസേജിംഗ് സംവിധാനത്തിലൂടെ ശതകോടി ഡോളറുകളുടെ ഇടപാടുകള്‍ ഇന്‍റര്‍നെറ്റ് വഴി അതിവേഗം നടത്താമെന്നാതാണ് സ്വിഫ്റ്റിന്‍റെ പ്രത്യേകത.

200 ലധികം രാജ്യങ്ങളിലെ 11000 ലധികം ബാങ്കുകള്‍ നിലവില്‍ സ്വിഫ്റ്റിന്‍റെ ഭാഗമാണ്. റഷ്യയിലെ പ്രധാന ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതോടെ റഷ്യയിലേക്കും തിരിച്ചും പണമയക്കുന്നത് പൂര്‍ണ്ണമായും മുടങ്ങും. റഷ്യന്‍ ബാങ്കുകളുടെ വിദേശ സാമ്പത്തിക  ഇടപാടുകള്‍ മരവിപ്പിക്കും. റഷ്യന്‍ കയറ്റുമതി  ഇറക്കുമതി മേഖലയിലെ  പണമിടപാടുകള്‍  പൂര്‍ണ്ണമായും നിലക്കും. സാമ്പത്തികമായി റഷ്യയെ വരിഞ്ഞുമുറുക്കാന്‍ ഈ നീക്കത്തിലൂടെ കഴിയും. വിദേശത്തു നിന്നും റഷ്യയിലേക്കുള്ള സാമ്പത്തിക ഇടപാടുകളും ബുദ്ധിമുട്ടാകും. റഷ്യയിലെ 300 ലധികം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് സ്വിഫ്റ്റിന്‍റെ ഭാഗമായുള്ളത്.

അന്താരാഷ്ട്ര സ്വർണ വില  ഡോളർ നിലവാരത്തിൽ  ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA)ൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബെെ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്. യഥാർത്ഥ വിലയിൽ നിന്ന് രണ്ട് ശതമാനം വരെ ലാഭം എടുക്കാമെന്ന് അസോസിയേഷന്റെ തീരുമാനമുണ്ടെങ്കിലും ലാഭം കുറച്ചാണ് ഇന്ന് വില നിശ്ചയിച്ചിട്ടുള്ളത്. അങ്ങനെയാണ് ഗ്രാമിന് 4620 രൂപ എന്നുള്ള വില കേരളത്തിലെ അസോസിയേഷൻ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here