യുദ്ധവെറിക്കിടെ നിസ്സഹായതയുടെ കാഴ്ച, മകളെ കണ്ണീരോടെ യാത്രയാക്കി അച്ഛന്‍ യുദ്ധഭൂമിയിലേക്ക്‌ (വീഡിയോ)

0
158

കീവ്: മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ഉമ്മനല്‍കി യാത്രയാക്കുന്ന ഒരു അച്ഛന്‍. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ചാരി വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹം. റഷ്യയുടെ ആക്രമണത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന യുക്രൈനില്‍നിന്നുള്ളതാണ് ഈ വീഡിയോ.

മകളെ പൗരന്മാര്‍ക്കുള്ള സുരക്ഷിതസ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ പോവുകയാണ് ഈ അച്ഛന്‍. സ്വതന്ത്ര മാധ്യമമായ ന്യൂ ന്യൂസ് ഇ.യു. ആണ് വികാരഭരിതമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ പുരുഷന്മാര്‍ക്ക് ആയുധം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുക്രൈന്‍. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്നും യുക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ഈ പിതാവും മടങ്ങുന്നത്‌.

മകളെ സുരക്ഷിതസ്ഥാനത്തേക്കുള്ള ബസില്‍ കയറ്റിവിടുന്നതിന് തൊട്ടുമുന്‍പുള്ളതാണ് ഈ വീഡിയോ. മകള്‍ ബസില്‍ കയറിയതിന് പിന്നാലെ അവര്‍ ഇരിക്കുന്ന സീറ്റിന്റെ ചില്ലിലേക്ക് പുറത്തുനില്‍ക്കുന്ന പിതാവ് വലതുകൈപ്പത്തി ചേര്‍ത്തുവെക്കുന്നതും കാണാം. അതേസമയം ഈ വീഡിയോ ഏത് സ്ഥലത്തുനിന്നുള്ളതാണെന്ന കാര്യം വ്യക്തമല്ല.

കിഴക്കന്‍ യുക്രൈനിലെ കുട്ടികളുടെ ആശുപത്രിയിലെ നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍നിന്ന് നവജാതശിശുക്കളെ താല്‍ക്കാലിക ബോംബ് ഷെല്‍റ്റര്‍ കേന്ദ്രത്തിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

കീവ് മെട്രോ സ്‌റ്റേഷനില്‍നിന്നുള്ള ഒരു ചിത്രവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഒരു യുവാവും യുവതിയും മുഖാമുഖം നില്‍ക്കുന്ന ചിത്രമാണിത്. എ.എഫ്.പി. ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

യുദ്ധം സൃഷ്ടിച്ച പലായനത്തിന്റെ ഭീതി വെളിവാക്കുന്ന മറ്റു ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here