യുദ്ധഭീതിയിൽ ലോകം, കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ഇന്ധന വില ഉയർന്നേക്കും

0
276

ദില്ലി: യുക്രൈൻ– റഷ്യ സംഘർഷം ലോകമാകെ വിതച്ചിരിക്കുന്ന ആശങ്ക ഓഹരി വിപണിയെയും കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. അതിനിടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന് അടുത്താണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നൽകുന്നത്. അതിനാൽ തന്നെ യുദ്ധ സമാന സാഹചര്യം ക്രൂഡ് ഓയിൽ വില ഇനിയും വർധിപ്പിച്ചേക്കുമെന്നാണ് വിവരം.

ആറ് വർഷത്തിന് ശേഷമാണ് ക്രൂഡ് ഓയിൽ വില ഇത്രയും കുതിച്ചുയരുന്നത്. 2014 സെപ്റ്റംബറിലെ വർധനവിന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ നിലവാരത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആഗോള തലത്തിൽ ഓഹരി വിപണിയെ പുറകോട്ട് വലിച്ചത് യുദ്ധഭീതിയായിരുന്നു. ഇന്ത്യയിലും ഇതിന്റെ ആഘാതം പ്രകടമായിരുന്നു. ക്രൂഡ് ഓയിൽ വില ഇനിയുമുയർന്നാൽ പെട്രോൾ ഡീസൽ വില രാജ്യത്ത് വർധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് കരുതപ്പെടുന്നത്. ആഗോള തലത്തിൽ എണ്ണ ഉൽപ്പാദനത്തിന്റെ പത്ത് ശതമാനം റഷ്യയിൽ നിന്നാണ്. അതിനാൽ യുദ്ധവുമായി മുന്നോട്ട് പോകുന്നത് റഷ്യക്ക് മുകളിൽ ആഗോള തലത്തിൽ ഉപരോധം ശക്തിപ്പെട്ടാൽ ക്രൂഡ് ഓയിൽ ലഭ്യത കുറയാനിടവരും.

ഇന്ത്യ റഷ്യയിൽ നിന്ന് വളരെ കുറച്ച് ഇന്ധനം മാത്രമാണ് വാങ്ങുന്നത്. എങ്കിലും ആഗോള തലത്തിൽ ക്രൂഡ് ഓയിലിന് ലഭ്യത കുറയുകയും ഡിമാന്റ് ഉയരുകയും ചെയ്യുന്നത് ഇന്ത്യക്കും ഗുണകരമാകില്ല. നൂറിലേറെ ദിവസമായി ഇന്ത്യയിൽ എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. 2017 ൽ എണ്ണവില ഉയർന്നാൽ അത് വിലക്കയറ്റത്തിനും ഇടയാക്കും. സാമ്പത്തിക പ്രവർത്തനങ്ങളെയടക്കം ബാധിക്കുമെന്നതിനാൽ റഷ്യ – യുക്രൈൻ യുദ്ധസാഹചര്യം സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കും തലവേദനയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here