‘യുക്രെയ്ൻ ആക്രമണത്തിനു പിന്നിൽ പുട്ടിന്റെ ആ ലക്ഷ്യവും; ഇന്ത്യ കരുതലോടെ നീങ്ങണം’

0
203

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ ആക്രമണമായിട്ടാണ് യുക്രെയ്നു നേരെയുള്ള റഷ്യൻ ആക്രമണം വിലയിരുത്തപ്പെടുന്നത്. പഴയ സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ പുനഃസ്ഥാപനം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ലക്ഷ്യമിടുന്നുണ്ടോയെന്നു ചിന്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്. എന്നാൽ അത് എളുപ്പമാകില്ലെന്നാണ് വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയവും സംസ്കാരവും സൂക്ഷ്മമായി വിലയിരുത്തുകയും തന്റെ നോവലുകളിൽ അവ പശ്ചാത്തലമാക്കുകയും ചെയ്ത നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ പറയുന്നത്.

‘സോവിയറ്റ് യൂണിയനിലൂടെ നടന്നത് അമിതമായ റഷ്യൻവൽക്കരണമാണ്. അതിലൂടെ ഒട്ടേറെ പ്രദേശങ്ങളുടെ ഭാഷയും സംസ്കാരവും തകർന്നു പോയി. അതിനെതിരായ ചെറുത്തു നിൽപാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു വഴിവച്ചതിൽ ഒരു കാരണം. ഇതിനിടയിൽ എല്ലാ പ്രദേശങ്ങളിലും റഷ്യൻ വംശജരുടെ ശക്തമായ കുടിയേറ്റമുണ്ടായി. റഷ്യൻ അനുകൂല മനോഭാവം വളർന്നതാണ് ഇതിന്റെ അനന്തര ഫലം. ഇത്തരം പ്രവിശ്യകളെ മോചിപ്പിക്കാനെന്ന പേരിലാണ് റഷ്യ ഇപ്പോൾ സൈനിക നീക്കം നടത്തുന്നത്’– അദ്ദേഹം വിശദീകരിക്കുന്നു. യുക്രെയ്ൻ ആക്രമണത്തിന്റെ പിന്നാമ്പുറങ്ങളെപ്പറ്റി മനോരമ ഓൺലൈൻ ‘ദ് ഇൻസൈഡറോടു’ സംവദിക്കുകയാണ് ടി.ഡി.

‘വ്ലാഡിമിർ പുട്ടിനെ മതിപ്പില്ല’

2014ൽ കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്കു ഖത്തർ എയർവേയ്സിന്റെ വിമാനത്തിൽ ഞാൻ യാത്ര ചെയ്യുകയായിരുന്നു. എന്റെ തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത തത്തിയാന എന്ന വനിത ക്രൈമിയക്കാരിയായിരുന്നു. അവർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആരാധികയായിരുന്നു, റഷ്യൻ അനുകൂലിയും. ക്രൈമിയയിൽ നടക്കാനിരിക്കുന്ന ജനഹിത പരിശോധനയെക്കുറിച്ച് അവർ സംസാരിച്ചു. റഷ്യയ്ക്ക് അനുകൂലമായി ജനവിധി ആയിരിക്കും ഉണ്ടാവുകയെന്ന കാര്യത്തിൽ അവർക്കു സംശയമേ ഉണ്ടായിരുന്നില്ല. വളരെ ആവേശത്തോടെ അവർ വ്ലാഡിമിർ പുട്ടിനെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന് വലിയ ജനപിന്തുണയുണ്ടെന്ന വാദത്തിൽ എനിക്ക് അദ്ഭുതം തോന്നി. കാരണം എനിക്ക് അദ്ദേഹത്തിനെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്നില്ല. ഇപ്പോഴുമില്ല.

റഷ്യയിൽനിന്ന് യൂറോപ്പിലേക്ക് വാതക പൈപ്പ്‌ലൈനുകൾ പോകുന്ന വളരെ തന്ത്രപ്രധാന മേഖലയാണ് ക്രൈമിയ. തന്ത്രപ്രധാനമായ ആ മേഖല വിട്ടുകൊടുക്കാൻ റഷ്യ ഒരിക്കലും ഒരുക്കമായിരുന്നില്ല. അതേ താൽപര്യമാണ് ഇപ്പോൾ യുക്രെയ്നിന്റെ കാര്യത്തിലും റഷ്യയ്ക്കുള്ളത്. വളരെ നിർഭാഗ്യകരമായ കാര്യം, എല്ലാ യുദ്ധങ്ങളും സാധാരണക്കാരായ കുട്ടികളെയും സ്ത്രീകളെയുമാണ് ബാധിക്കുന്നതെന്നതാണ്. രാജ്യാന്തരതലത്തിലെ ആയുധ വിപണിയിൽ റഷ്യയ്ക്ക് നിർണായകമായ പങ്കുണ്ട്. യുക്രെയ്നിനെപ്പോലെ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ, നാറ്റോയുടെ ഭാഗമാകാൻ തുടങ്ങിയാൽ അത് സ്വന്തം താൽപര്യങ്ങൾക്ക് എതിരാണെന്ന തോന്നൽ അവർക്കുണ്ടാവുക സ്വാഭാവികമാണ്. ആ തോന്നലിൽ നിന്നാണ് പുട്ടിൻ ഇത്തരം സൈനിക നീക്കങ്ങൾ നടത്തുന്നത്. അയാൾക്കു മുന്നിൽ വേറെ മാർഗമില്ല.

റഷ്യ ഒരു നിർണായക ആണവ ശക്തിയാണ്. പഴയ സോവിയറ്റ് യൂണിയന്റെ കാലത്ത് അതിന്റെ ഭാഗമായിരുന്ന പല പ്രദേശങ്ങളിലും അവർ അതിനുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ടാകണം. അതിനെപ്പറ്റി നമുക്കു കൃത്യമായ അറിവില്ല. റഷ്യയോടു ചേർന്നുള്ള പ്രദേശങ്ങളെ ഭാവിയിലും വരുതിക്കു നിർ‌ത്താനുള്ള ശ്രമത്തിനു പിന്നിൽ‌ ഇതും ഒരു കാരണമാകാം. എന്നാൽ ഇത്തരം സൈനിക നീക്കങ്ങളിലൂടെ പഴയ സോവിയറ്റ് യൂണിയന്റെ പുനഃസ്ഥാപനം സാധ്യമാവില്ല. അധിനിവേശം നടത്തുന്ന രാജ്യങ്ങളിൽ സ്വന്തം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ പ്രതിഷ്ഠിക്കാനേ അവർക്കു കഴിയൂ. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾക്ക് ഇതിലൂടെ താക്കീതു നൽകാനും പുട്ടിൻ ആഗ്രഹിക്കുന്നുണ്ടാകണം.

സോവിയറ്റ് യൂണിയൻ: ഭാവനയും യാഥാർഥ്യവും

സോവിയറ്റ് യൂണിയൻ ചെറുപ്പകാലത്ത് എന്നെപ്പോലെയുള്ളവരെ അദ്ഭുതപ്പെടുത്തുന്ന സ്വപ്നലോകം ആയിരുന്നു. സോവിയറ്റ് ലാൻഡ് മാസികയിലൂടെയാണ് ആദ്യകാലത്ത് ആ രാജ്യത്തെ അറിഞ്ഞിരുന്നത്. വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞ സ്കൂൾ കാലം ആയിരുന്നു അത്. അച്ഛൻ അക്കാലത്ത് സോവിയറ്റ് ലാൻഡ് മാസിക കാണിച്ചു തരുമായിരുന്നു. അതിലെ തുടുത്ത കുട്ടികളുടെയും വിളഞ്ഞു കിടക്കുന്ന വിശാലമായ പാടങ്ങളുടെയും ചിത്രങ്ങൾ വളരെ ആകർഷകമായിരുന്നു. എല്ലാവരും സമന്മാരായിക്കഴിയുന്ന ഈ രാജ്യത്തിന്റെ അവസ്ഥയിലേക്ക് നമ്മുടെ നാടും എത്തിച്ചേരുമെന്ന് അച്ഛൻ പറയുമായിരുന്നു. അത് വല്ലാത്ത ഒരു പ്രതീക്ഷയായി ഏറെക്കാലം മനസ്സിലുണ്ടായിരുന്നു.

ഇത്തിരിക്കൂടെ വളരുകയും കോളജ് ജീവിതം ആരംഭിക്കുകയും ചെയ്തപ്പോഴാണ് സോവിയറ്റ് യൂണിയനെന്ന യാഥാർഥ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇടയായത്. പുസ്തകങ്ങൾ വായിക്കുകയും മറ്റു തരത്തിൽ അറിവു നേടുകയും ചെയ്തതാണ് ഈ മാറ്റത്തിനു പിന്നിൽ. സ്റ്റാലിൻ നയങ്ങളുടെ വിമർശകനായ അലക്സാണ്ടർ സോൾഷെനിറ്റ്സിന്റെ ‘ഗുലാഗ്’ പോലെയുള്ള കൃതികളിലൂടെ ലഭിച്ച ചിത്രം വ്യത്യസ്തമായിരുന്നു. സോവിയറ്റ് യൂണിയനിലെ നിർബന്ധിത തൊഴിൽ ക്യാംപുകളിലെ ദുരിതത്തിലേക്കു വെളിച്ചം വീശുന്ന ഈ പുസ്തകം ഒരു മുതലാളിത്ത പ്രചാരവേലയാണെന്നും അതു വായിക്കരുതെന്നുമൊക്കെയായിരുന്നു അക്കാലത്ത് ആലുവ യുസി കോളജിലെ ഇടതുപക്ഷ ബുദ്ധിജീവികളുടെ നിലപാട്.

‘റഷ്യൻവൽക്കരണമെന്ന സാംസ്കാരികഹത്യ’

1990 ആയപ്പോൾ സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ ഘട്ടമെത്തിയിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച അനിവാര്യമായിരുന്നു. സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ടത് ഒരു ആശയത്തിന്റെ മാത്രം ബലത്തിലാണ്. അതിലെ അംഗ രാജ്യങ്ങൾക്ക് പൊതുവായി ഒരു സംസ്കാരം ഇല്ലായിരുന്നുവെന്നു മാത്രമല്ല വ്യത്യസ്ത ദേശീയതകളുടെ കൂടിച്ചേരലായിരുന്നു. അവിടേക്ക് റഷ്യൻവൽക്കരണം അടിച്ചേൽപിക്കാനായിരുന്നു ശ്രമം. അതും സോവിയറ്റ് യൂണിയൻ പിരിഞ്ഞു പോകുന്നതിനു കാരണമായി. അമിത റഷ്യൻവൽക്കരണത്തിലൂടെ ഈ രാജ്യങ്ങൾക്ക് ഭാഷയും സംസ്കാരവും നഷ്ടപ്പെട്ടു. പ്രാദേശിക ഭാഷകൾക്കു പകരം റഷ്യൻ ഭാഷ വേരുറപ്പിച്ചു. അടുത്തകാലത്ത് ഉസ്ബെക്കിസ്ഥാനെക്കുറിച്ചു നടത്തിയ ചില അന്വേഷണങ്ങളിലാണ് ഇക്കാര്യം മനസ്സിലായത്. അതിന്റെയൊക്കെ തിരിച്ചടികളാണ് 90കളിൽ സംഭവിച്ചത്.

‘റഷ്യ നടത്തുന്നത് ആശാസ്യമല്ലാത്ത ഇടപെടലുകൾ’

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണോ സോവിയറ്റ് യൂണിയൻ തകർന്നത് ആ കാരണങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ലെന്നു മാത്രമല്ല സ്ഥിതി വഷളാവുകയും ചെയ്തു. അഴിമതിയും സ്വജനപക്ഷപാതവും എല്ലായിടത്തും വ്യാപകമായി. എങ്കിലും റഷ്യൻ വിരോധം വേർപിരിഞ്ഞു പോയ രാജ്യങ്ങളുടെ പൊതുസ്വഭാവമാണ്. ഈ രാജ്യങ്ങളിലെല്ലാം പഴയ സോവിയറ്റ് യൂണിയന്റെ കാലത്ത് വ്യാപകമായി റഷ്യൻ കുടിയേറ്റമുണ്ടായിട്ടുണ്ട്. അതുകാരണം പല രാജ്യങ്ങളിലും റഷ്യക്കാർക്ക് ഭൂരിപക്ഷമുള്ള ധാരാളം പ്രവിശ്യകളുണ്ട്. ഈ പ്രദേശങ്ങളിൽ റഷ്യൻ അനുകൂല വികാരവും ശക്തമാണ്. അവയെ മോചിപ്പിക്കുകയാണെന്നാണ് റഷ്യ പറയുന്നത്.

എന്നാൽ യൂറോപ്പിനോടു ചേർന്നു കിടക്കുന്ന ഭാഗങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ റഷ്യൻ വിരോധമുള്ള വലിയ ഒരു സമൂഹമുണ്ട്. ലോകത്തെ പല രാജ്യങ്ങളിലും ഇത്തരത്തിൽ വിഘടനവാദവും ആഭ്യന്തര പ്രശ്നങ്ങളുമുണ്ട്. ഇത്തരം പ്രദേശങ്ങളോ പ്രവിശ്യകളോ സ്വന്തം നിലയിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മറ്റു രാജ്യങ്ങൾ അതിനെ പിന്തുണയ്ക്കുകയും ചെയ്താൽ അത് വളരെ ദൗർഭാഗ്യകരമായ സാഹചര്യത്തിലേക്കു നീങ്ങും. ഇന്നത്തെ ലോകക്രമത്തിൽ ഇതൊക്കെ എത്രമാത്രം ആശാസ്യമാണെന്ന് ആലോചിക്കേണ്ടതാണ്.

പ്രതിരോധത്തിൽ ഇന്ത്യ

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ വളരെയേറെ പ്രതിരോധത്തിലാണ്. റഷ്യ ചൈനയോട് കൂടുതൽ അടുക്കുകയാണ്. അവരുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളാണ് പാക്കിസ്ഥാനും ശ്രീലങ്കയും. ചൈന ശ്രീലങ്കയെ കയ്യയച്ചു സഹായിക്കുന്നുമുണ്ട്. അവിടെ ഒരു തുറമുഖ നിർമാണത്തിന് ചൈന വലിയ തോതിൽ വായ്പ നൽകിയിരുന്നു. അതു തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ആ പ്രദേശം ചൈനയ്ക്ക് പാട്ടത്തിനു നൽകി. അവിടം കേന്ദ്രമാക്കി സബ്മറീനുകൾ സ്ഥാപിച്ച് ചൈന ഇന്ത്യയിലേക്കുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. യുക്രെയ്നിൽ യുദ്ധ സാഹചര്യങ്ങൾ ഉരുണ്ടു കൂടിയപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ നേരിട്ടു സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഇതൊക്കെ ഇന്ത്യയ്ക്കു മുന്നിലുള്ള വെല്ലുവിളികളാണ്. അങ്ങേയറ്റം കരുതലോടെ നീങ്ങേണ്ട സാഹചര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here