മരണത്തിന് തൊട്ടുമുമ്പ് നമുക്ക് സംഭവിക്കുന്നതെന്ത്? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പഠനം

0
196

നമ്മുടെ ജീവിതത്തിലെ ഏറ്റവും നിഗൂഢമായ ഒരു സമസ്യയാണ് മരണം. മരണത്തിനപ്പുറം എന്തെന്ന് ഇനിയും ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എല്ലാവർക്കും മരണമുണ്ടെന്ന് നമുക്കറിയാം, പക്ഷേ എങ്ങനെ, എപ്പോൾ എന്നത് ഇപ്പോഴും അറിയില്ല. അതിലുപരിയായി, മരണസമയത്ത് ഒരു വ്യക്തി എന്താണ് അനുഭവിക്കുന്നതെന്ന് ഇപ്പോഴും നമുക്ക് വ്യക്തമല്ല. നിരവധി പഠനങ്ങളാണ് ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നത്. അത്തരം പഠനങ്ങളിൽ ഒന്നിൽ, ശാസ്ത്രജ്ഞർ ഒരു വ്യക്തിയുടെ മരണസമയത്തെ മസ്തിഷ്ക പ്രവർത്തനം വിജയകരമായി പിടിച്ചെടുക്കുകയുണ്ടായി.

മരണസമയത്ത്, ഒരു വ്യക്തിയുടെ ജീവിതത്തിലെ അതുവരെയുണ്ടായിരുന്ന പ്രിയ നിമിഷങ്ങൾ ഒരു സിനിമ കണക്കെ ആ വ്യക്തിയുടെ കൺമുമ്പിൽ മിന്നിമറയുമെന്നാണ് പുതിയ പഠനം പറയുന്നത്. അപസ്മാരം ബാധിച്ച 87 വയസ്സുള്ള ഒരു രോഗിയുടെ തലച്ചോറിനെ ഇലക്ട്രോഎൻസെഫലോഗ്രാഫി (EEG) ഉപയോഗിച്ച് ഡോക്ടർ ചികിത്സിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഈ റെക്കോർഡിംഗുകൾക്കിടയിൽ, പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന്, മരണപ്പെട്ടു. മരണത്തിന് മുൻപായി അവർ കടന്നുപോയ നിമിഷങ്ങളെ ഇലക്ട്രോഎൻസെഫലോഗ്രാഫി ഉപയോഗിച്ച് രേഖപ്പെടുത്താൻ അവർക്ക് സാധിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആ മനുഷ്യനിൽ കണ്ടെത്തിയ മസ്തിഷ്ക തരംഗങ്ങൾ ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചു. 30 സെക്കൻഡുകൾക്ക് മുമ്പും ശേഷവും, മനുഷ്യന്റെ മസ്തിഷ്ക തരംഗങ്ങൾ സ്വപ്നം കാണുമ്പോഴോ, ധ്യാനിക്കുമ്പോഴോ, ഓർമ്മകൾ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മസ്തിഷ്ക മാറ്റങ്ങളെ സൂചിപ്പിച്ചു.

തന്റെ ജീവിതത്തെ കുറിച്ച് അവസാനമായി ഓർമ്മിക്കുന്നതാകാം ഒരു വ്യക്തിയുടെ മരണസമയത്ത് നടക്കുന്ന ഈ മസ്തിഷ്ക പ്രവർത്തനമെന്ന് പഠനം പറയുന്നു. നമ്മുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ, പ്രിയപ്പെട്ടവരെ നമ്മൾ അവസാനമായി ഓർമ്മിക്കുന്ന നിമിഷങ്ങളാകാം അവ. ഒരു തിരശീലയിൽ എന്നപോലെ ആ ഓർമ്മകൾ ഒരു വ്യക്തിയുടെ മനസ്സിലൂടെ മിന്നി മറയുന്നു. ഇതിൽ കൂടുതൽ ആശ്ചര്യകരമായ കാര്യം, മരണത്തിന്റെ അവസാന നിമിഷങ്ങളിലും, അതിനുശേഷവും നമ്മുടെ മസ്തിഷ്കം സജീവമായി നിലകൊള്ളാമെന്നതാണ്.

“ഞങ്ങൾ മരണസമയത്തെ 900 സെക്കൻഡ് നേരത്തെ മസ്തിഷ്ക പ്രവർത്തനമാണ് അളന്നത്. ഹൃദയമിടിപ്പ് നിലച്ചതിന് മുമ്പും ശേഷവുമുള്ള 30 സെക്കൻഡ് നേരം എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ പഠിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതിന് ശേഷവും അതിന് തൊട്ടുമുമ്പും മസ്തിഷ്‌ക പ്രവർത്തനങ്ങളിൽ ഞങ്ങൾ മാറ്റങ്ങൾ കണ്ടു” പഠനത്തിന്റെ ഭാഗമായിരുന്ന ന്യൂറോസർജൻ ഡോ. അജ്മൽ സെമർ പറഞ്ഞു. രോഗിയുടെ ഹൃദയം മസ്തിഷ്കത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് നിർത്തുന്നതിന് മുൻപുള്ള 30 സെക്കൻഡുകൾ, അയാളുടെ മസ്തിഷ്ക തരംഗങ്ങൾ സ്വപ്നം കാണുന്നതോ അല്ലെങ്കിൽ ഓർമ്മകൾ ചികഞ്ഞെടുക്കുന്നതോ പോലുള്ള അതേ പാറ്റേണുകൾ കാണിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിലച്ചതിന് 30 സെക്കൻഡുകൾക്ക് ശേഷവും ഇത് തുടർന്നു, അതായത് രോഗി മരിച്ചതായി പ്രഖ്യാപിക്കപ്പെടുന്ന ഘട്ടത്തിന് ശേഷവും.

“ഇത് ഒരുപക്ഷേ നമ്മുടെ ജീവിതാനുഭവങ്ങളുടെ അവസാനത്തെ ഓർമ്മപ്പെടുത്തലായിരിക്കാം. മരിക്കുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങളിൽ ഈ ഓർമ്മകൾ നമ്മുടെ തലച്ചോറിലൂടെ വീണ്ടും പ്ലേ ചെയ്യുന്നു” അദ്ദേഹം പറഞ്ഞു. അതേസമയം കൃത്യമായി എപ്പോഴാണ് ഒരു വ്യക്തി മരിക്കുന്നത്? ഹൃദയമിടിപ്പ് നിലക്കുമ്പോഴോ, തലച്ചോറിന്റെ പ്രവർത്തനം നിലക്കുമ്പോഴോ എന്ന പ്രസക്തമായ ഒരു ചോദ്യം ഈ പഠനം അവശേഷിപ്പിക്കുന്നു.

യുഎസിലെ ലൂയിസ്‌വില്ലെ സർവകലാശാലയിലാണ് പഠനം നടന്നത്. ഫ്രണ്ടിയേഴ്‌സ് ഇൻ ഏജിംഗ് ന്യൂറോ സയൻസിൽ പ്രസിദ്ധീകരിച്ച ഈ പഠനം മരണസമയത്ത് നമ്മുടെ തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ഒരു പുതിയ ഉൾക്കാഴ്ച നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here