ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ല; വ്യക്തമാക്കി മമ്മൂട്ടി

0
144

ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി. ഭീഷ്മ പര്‍വം പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പ്രെസ് മീറ്റില്‍ വെച്ചാണ് മമ്മൂട്ടിയുടെ പ്രതികരണം. എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണെന്നും ടിക്കറ്റ് എടുത്ത് കയറുന്നവരില്‍ ഫാന്‍സായവരും അല്ലാത്തവരും ഉണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു.

ഫാന്‍സ് ഷോ നിര്‍ത്തുവാനുള്ള തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ തീരുമാനത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമക്ക് ഇന്ന ആളെ കേറ്റും ഇന്ന ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതില്‍ ഫാന്‍സ് ഉണ്ടാവാം. ഫാന്‍സ് അല്ലാത്തവരും കാണും,’ മമ്മൂട്ടി പറഞ്ഞു.

മമ്മൂക്കയുടെ സിനിമക്ക് തലേ ദിവസം രാത്രി ഷോ വെച്ചിട്ടുണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അങ്ങനെയൊന്ന് ഇല്ല എന്ന് മമ്മൂട്ടി പറഞ്ഞു. ഈ സിനിമക്ക് ഫാന്‍സ് ഷോ ഇല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഫാന്‍സ് ഷോ നടത്തുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് വീണ്ടും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഫാന്‍സിനോട് ഷോ കാണരുതെന്ന് പറയാന്‍ പറ്റില്ലല്ലോയെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഭീഷ്മ പര്‍വം ഫാന്‍സ് ഷോയുടെതായി വിവിധ പ്രചരണങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നതിനിടയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

സൂപ്പര്‍താര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാന്‍സ് ഷോകള്‍ നിരോധിക്കാനായിരുന്നു ഫിയോക്ക് തീരുമാനമെടുത്തത്. ഫാന്‍സ് ഷോകള്‍ കൊണ്ട് സിനിമാ വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞിരുന്നു.

വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാന്‍സ് ഷോകള്‍ കൊണ്ട് നടക്കുന്നത്. സിനിമാ വ്യവസായത്തിന് ഇത് യാതൊരു ഗുണവും ചെയ്യുന്നില്ല. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ വരാത്തതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോകള്‍ക്ക് ശേഷം നല്‍കുന്ന മോശം പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here