കാസർകോട് ബിജെപിയിൽ പരസ്യ കലാപം, കുമ്പള പഞ്ചായത്തിൽ സിപിഎം കൂട്ടുകെട്ടെന്ന് പ്രവർത്തകർ

0
273

കാസർകോട്: കാസർകോട് ബിജെപി ജില്ലാ ഓഫീസ് പാർട്ടിയിലെ തന്നെ പ്രതിഷേധക്കാർ പൂട്ടിയിട്ടു. കുമ്പള പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം – ബിജെപി കൂട്ടുകെട്ടിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പ്രശ്നത്തിൽ കെ സുരേന്ദ്രൻ നേരിട്ടത്തി ചർച്ച നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

സുരേന്ദ്രൻ ഇന്ന് കാസർകോട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. പല തവണ നേതൃത്വത്തിന് വിഷയത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. രാവിലെ മുതലാണ് കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം തുടങ്ങിയത്. രാവിലെ 9.30യ്ക്ക് തുടങ്ങിയ മുദ്രാവാക്യം വിളിയും, ഉപരോധവും രണ്ടര മണിക്കൂറോളം നീണ്ടു. ഇന്ന് കാസർകോടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കെ സുരേന്ദ്രൻ എത്താതിരുന്നതാണ്  പ്രതിഷേധം നടത്താൻ പ്രവർത്തകരെ പ്രേരിപ്പിച്ചത്.

കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് സിപിഎമ്മുമായി കൂട്ടുചേർന്നു മത്സരിച്ചുവെന്നാണ് ആക്ഷേപം. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാന വഹിക്കുന്ന പ്രേമലത, പ്രേമാവതി എന്നിവരെ പുറത്താക്കണമെന്നും ഈ പദ്ധതി ആവിഷ്കരിച്ച മുൻ ജില്ലാ പ്രസിഡൻ്റ് ശ്രീകാന്ത്,  മണികണ്ഠ റൈ, പി സുരേഷ് കുമാർ ഷെട്ടി എന്നീ നേതാക്കൻമാർക്കെതിരെ നടപടി വേണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.

2020 ‍ഡിസംബറിലാണ് വിവാദങ്ങളുടെ തുടക്കം, തെരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ പ്രവർത്തകർ പരാതിയുമായി നേതൃത്വത്തെ സമീപിച്ചു. ഇത്രയും കാലമായി നടപടിയെടുത്തില്ല. സൂത്രധാരൻമാരായ മൂന്ന് പേർക്കും പാർട്ടി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ജില്ലാ പ്രസിഡൻ്റായിരുന്ന ശ്രീകാന്ത് ഇപ്പോൾ സംസ്ഥാന സെക്രട്ടറിയാണ്, സുരേഷ് കുമാർ  ഉത്തരമേഖല ജനറൽ സെക്രട്ടറിയാണ്. മണികണ്ഠ റൈ ഇപ്പോൾ ജില്ലാ സെക്രട്ടറിയാണ്.

പ്രവർത്തകരുടെ വാക്ക് മാനിക്കാത്ത രീതിയാണ് സംസ്ഥാന നേതൃത്വത്തിന്‍റേതെന്നും പ്രശ്നം പരിഹരിക്കാതെ ഓഫീസ് തുറക്കാൻ അനുവദിക്കില്ലെന്നും പ്രവർത്തകർ പറയുന്നു. ഒരു തരത്തിലുള്ള ബിജെപി പരിപാടിയും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ. നാല് ദിവസത്തിനകം വിഷയത്തിൽ ഒരു തീരുമാനമുണ്ടാകണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here