ഫാന്‍സ് ഷോകള്‍ നിരോധിക്കുന്നു, സിനിമാ വ്യവസായത്തിന് യാതൊരു ഗുണവുമില്ല: ഫിയോക്ക്

0
223

സൂപ്പർതാര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാൻസ്‌ ഷോകൾ നിരോധിക്കാൻ തീരുമാനമെടുത്ത് തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക്. വർഗീയ വാദം, തൊഴുത്തിൽ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ്‌ ഷോകൾ കൊണ്ട് നടക്കുന്നത് എന്നും സിനിമാ വ്യവസായത്തിന് ഇത് യാതൊരു ഗുണവും ചെയ്യുന്നില്ല എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ റിപ്പോർട്ടർ ടിവിയെ അറിയിച്ചു.

തിയേറ്ററുകളിൽ പ്രേക്ഷകർ വരാത്തതിന്റെ പ്രധാന കാരണം ഫാൻസ്‌ ഷോകൾക്ക് ശേഷം നൽകുന്ന മോശം പ്രതികരണമാണ്. ഫാൻസ്‌ ഷോകൾ നിരോധിക്കണം എന്ന നിലപാടിലാണ് എക്സിക്യൂട്ടീവ്. മാർച്ച് 29ന് നടക്കുന്ന ജനറൽ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എന്നും വിജയകുമാർ അറിയിച്ചു. വരാനിരിക്കുന്ന ചിത്രങ്ങളിൽ സിനിമയ്ക്കുണ്ടാകുന്ന ഡീഗ്രേഡിങ് ഫാൻസ്‌ ഷോ നിർത്തലാക്കുന്നതോടെ ഒരു പരിധിവരെ തടയാൻ കഴിയും എന്ന പ്രതീക്ഷിയിലാണ് ഫിയോക്ക്.

കഴിഞ്ഞ വാരം റിലീസ് ചെയ്‌ത മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രതികരണങ്ങൾ വന്നിരുന്നു. സിനിമയ്ക്ക് നേരെ വരുന്ന ആക്രമണങ്ങൾക്ക് എതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്ത് വരുകയും ചെയ്തു. അടുത്ത വാരം റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിനും ഫാൻസ്‌ ഷോ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിനും നേരെ ഫാൻസ്‌ ഷോയ്ക്ക് ശേഷം വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. സിനിമയിലെ പ്രധാന രംഗങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ലീക്ക് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here