പഞ്ചാബി നടൻ, ചെങ്കോട്ട സംഘർഷ കേസിലെ പ്രതി; ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു

0
286

ദില്ലി: പഞ്ചാബി നടനും സാമൂഹ്യ പ്രവർത്തകനുമായ ദീപ് സിദ്ദു (Deep Sidhu)  വാഹാനപകടത്തിൽ മരിച്ചു.  ദില്ലിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്. കർഷക സമരത്തിനിടയിലെ (Farmers Protest)  ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ദു.

ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നായിരുന്നു ദീപ് സിദ്ധുവിന് എതിരായ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്. ഒളിവിലിരുന്ന് വിദേശത്തുളള വനിതാസുഹൃത്ത് വഴി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന്അറസ്റ്റ് ചെയ്തത്.

ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ദില്ലി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി അന്ന് ഉന്നയിച്ചു.

ആരാണ് ദീപ് സിദ്ദു?

2015-ൽ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദു സിനിമാരംഗത്തേക്ക് എത്തുന്നത്. നടനാണ്, ഒപ്പം സാമൂഹ്യപ്രവർത്തകനുമാണ് സിദ്ദു. 1984-ൽ പഞ്ചാബിലെ മുക്ത്സാർ ജില്ലയിലാണ് ജനിച്ചത്.

സണ്ണി ഡിയോളിന്‍റെ അടുത്ത അനുയായി ആയിരുന്നു ദീപ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സണ്ണിയുടെ ഒപ്പമുണ്ടായിരുന്നു മുഴുവൻ സമയവും. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന്‍റെ ദൃശ്യങ്ങളും ചെങ്കോട്ടയിലെ കൊടിയുയർത്തൽ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ, സിദ്ദുവും സണ്ണി ഡിയോളും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

രാഷ്ട്രീയനേതാക്കളും കർഷകനേതാക്കളും പറഞ്ഞതെന്ത്?

റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന് പിന്നാലെ സിദ്ദുവിൽ നിന്ന് അകലം പാലിക്കുകയായിരുന്നു സണ്ണി ഡിയോൾ അടക്കമുള്ള ഭരണകക്ഷി രാഷ്ട്രീയനേതാക്കളും ശശി തരൂരും യോഗേന്ദ്രയാദവ് അടക്കമുള്ള പ്രതിപക്ഷ, കർഷക നേതാക്കളും.

”ചെങ്കോട്ടയിൽ നടന്നത് ദുഃഖകരമായ സംഭവമാണ്. ട്വിറ്ററിൽ ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. എനിക്കും എന്‍റെ കുടുംബത്തിനും ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ല. ജയ് ഹിന്ദ്”, എന്ന് സണ്ണി ഡിയോൾ.

”അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ല. റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാകയല്ലാതെ മറ്റൊരു പതാകയും ചെങ്കോട്ടയിൽ പറക്കരുത്. ഇത് അംഗീകരിക്കില്ല”, എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.

”ഞങ്ങളുടെ സമരരീതിയായിരുന്നില്ല തുടക്കം മുതലേ അവർക്ക്”, എന്നാണ് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ് വ്യക്തമാക്കിയത്. ശംഭു അതിർത്തിയിലുള്ള സമരത്തിലാണ് ദീപ് സിദ്ദു എത്താറുള്ളത്. അവിടെ ആദ്യം മുതൽക്കേ സിദ്ദുവിന്‍റെ സമരരീതിയുമായി ഞങ്ങൾക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നും യാദവ്.

41 കർഷകസംഘടനകളുടെ സംയുക്ത കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയും ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടെടുക്കുന്നു.

സിദ്ദു പറഞ്ഞത്….

പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിദ്ദു പറഞ്ഞത്. സിഖ് സമുദായത്തിന്‍റെ അടയാളമായ ‘നിഷാൻ സാഹിബ്’ എന്ന പതാക ഉയർത്തി, കിസാൻ മസ്ദൂർ ഏക്തയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സിദ്ദു ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here