ഖുര്‍ആനിലെ പേജുകള്‍ കത്തിച്ചെന്ന് ആരോപണം; പാകിസ്ഥാനില്‍ വീണ്ടും ‘ദൈവനിന്ദ’ കൊലപാതകം

0
302

ഇസ്താംബൂള്‍: പാകിസ്ഥാനില്‍ വീണ്ടും ‘ദൈവനിന്ദ’യുടെ പേരില്‍ ആള്‍ക്കൂട്ടക്കൊലപാതകം നടന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഖുര്‍ആനിലെ ചില പേജുകള്‍ യുവാവ് കത്തിച്ചുകളഞ്ഞു, എന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസും മറ്റ് അധികൃതരും പറയുന്നത്.

ഏകദേശം 40 വയസ് പ്രായമുള്ള മുഹമ്മദ് മുഷ്താഖ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്നയാളാണ് എന്നും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

പഞ്ചാബിലെ ഖനേവാല്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രാഥമികമായി, സംശയമുള്ള 15 പേരെ അറസ്റ്റ് ചെയ്തതായും കുറ്റാരോപിതരായ മറ്റ് 85 പേരെ കസ്റ്റഡിയിലെടുത്തതായും പഞ്ചാബ് പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുന്നതിനായി റെയ്ഡുകള്‍ നടന്ന് വരികയാണ്.

ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ ഭാഗമായ അളുകള്‍ക്കെതിരെയും നടപടിയെടുക്കാതെ സംഭവം നോക്കിനിന്ന പൊലീസുകാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പൊലീസുകാര്‍ ഖനേവാല്‍ ജില്ലയില്‍ എത്തിയപ്പോള്‍, യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു.

യുവാവിനെ കെട്ടിയിട്ട മരത്തില്‍ നിന്നും പൊലീസ് രക്തസാംപിള്‍ ശേഖരിക്കുന്നു

ഇരുമ്പ് ദണ്ഡുകളും വടികളും കോടാലി പോലുള്ള ആയുധങ്ങളുമുപയോഗിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച നടന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ഫാക്ടറിയില്‍ മാനേജരായിരുന്ന ശ്രീലങ്കന്‍ പൗരനെ സമാനരീതിയില്‍ ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

തീവ്രവലത് സംഘടനയായ തെഹ്രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാനിലെ (ടി.എല്‍.പി) അംഗങ്ങളടങ്ങിയ സംഘമായിരുന്നു പ്രിയന്ത കുമാര ദിയവദന എന്ന ശ്രീലങ്കന്‍ പൗരനെ കൊലപ്പെടുത്തിയത്.

സിയാല്‍ക്കോട്ടിലെ ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു 40കാരനായ പ്രിയന്ത. ‘ദൈവനിന്ദ’ ആരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് എത്തുന്നതിന് മുമ്പെ പ്രതികള്‍ പ്രിയന്തയുടെ മൃതദേഹം കത്തിച്ച് കളയുകയായിരുന്നു.

ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്തിരുന്ന ടി.എല്‍.പിയുടെ പോസ്റ്റര്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പ്രിയന്തയെ ഫാക്ടറിയില്‍ കയറി കൈയേറ്റം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here