കോടതി ഉത്തരവുമായി എംഎസ്എഫ് യോഗത്തിന് എത്തിയ ഷൈജലിനെ അകത്ത് കയറ്റിയില്ല, നാടകീയ രംഗങ്ങൾ

0
154

കോഴിക്കോട് : എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. ഹരിത വിഷയത്തിൽ പരാതിക്കാർക്കൊപ്പം നിന്നതിന് സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജൽ കോടതിയുത്തരവുമായി യോഗത്തിൽ പങ്കെടുക്കാനെത്തിയിട്ടും സ്ഥലത്തേക്ക് കയറ്റിയില്ല. യോഗം നടക്കുന്ന മുറി അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയാണ്. ഇതോടെ ഗേറ്റിന് പുറത്ത് ഷൈജിൽ പ്രതിഷേധിച്ചു.

നേതാക്കളുടേത് കോടതി അലക്ഷ്യ നടപടിയാണെന്നും വീണ്ടും കോടതിയെ സമീപിക്കുമെന്നും ഷൈജൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘടനയെ തകർക്കുന്നത് കുഞ്ഞാലിക്കുട്ടി പിഎംഎ സലാം, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരടങ്ങിയ മൂവർ സംഘമാണെന്ന” ആരോപണവും ഷൈജൽ ആവർത്തിച്ചു. നേതാക്കൾ സംഘടനയെ കൊല്ലുകയാണ്. എംഎസ്എഫിലെ അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും” ഷൈജൽ പറഞ്ഞു.

എംഎസ് എഫിൽ നിന്നും കാരണമില്ലാതെ പുറത്താക്കിയതിനെതിരെ കൽപ്പറ്റ മുൻസിഫ് കോടതിയിൽ നിന്നും അനുകൂല വിധി നേടിയാണ് ഷൈജൽ യോഗത്തിനെത്തിയത്. എന്നാൽ കോടതി വിധിയുടെ പകർപ്പ് സംഘടനാ ഭാരവാഹികൾക്കാർക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്നുമാണ് എം എസ് എഫിന്‍റെയും മുസ് ലീം ലീഗ് നേതാക്കളുടെയും നിലപാട്. അച്ചടക്ക ലംഘനം കണ്ടെത്തിയാണ് ഷൈജലിനെ എം എസ് എഫിൽ നിന്നും ലീഗിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.

ലീഗ് നേതാക്കള്‍ സ്ത്രീ പുരുഷ സമത്വം പാപമായി കാണുന്നവര്‍, റിയാസ് മികച്ച മന്ത്രി; മുന്‍ യൂത്ത് ലീഗ് നേതാവ്

ഹരിത വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതും ലീഗ് നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചതുമാണ് ഷൈജലിനെതിരായ നടപടിക്ക് കാരണം. വയനാട് ജില്ലാ നേതാക്കൾക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണം നേരത്തെ ഷൈജൽ ഉയർത്തിയിരുന്നു. ഇതോടെ ഷൈജലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. ഇത് പരിഗണിച്ച് പ്രാഥമികാംഗത്വത്തിൽ നിന്നും റദ്ദാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here