കീവ് വളഞ്ഞ് റഷ്യന്‍ സൈന്യം; യുക്രൈന്‍ ആയുധംവച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

0
93

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്. രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലൂടെ റഷ്യന്‍ സേന കീവിലേക്ക് അടുക്കുകയാണെന്ന് യുക്രൈന്‍ സൈന്യം സ്ഥിരീകരിച്ചു. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ നഗരമായ കൊനോടോപ്പില്‍ നിന്നും റഷ്യ സേന തലസ്ഥാനത്തേക്ക് മുന്നോറുകയാണെന്നും യുക്രൈന്‍ സൈന്യം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. റഷ്യയുടെ കടന്നുകയറ്റത്തോടെ കീവ് നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ കീവില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ റോക്കറ്റാക്രമണവും രൂക്ഷമാണ്. പ്രധാന നഗരങ്ങളിലെല്ലാം റഷ്യന്‍ സേന മിസൈല്‍ ആക്രമണവും ഷെല്ലിങ്ങും നടത്തിയതോടെ യുക്രൈനില്‍ ജനജീവിതം ദുസ്സഹമായി.

അതേസമയം കീവില്‍ ആക്രണത്തിനെത്തിയ റഷ്യന്‍ വിമാനം വെടിവച്ചിട്ടിതായി യുക്രൈന്‍ അവകാശപ്പെട്ടു. വെടിവച്ചിട്ട വിമാനം നഗരത്തിലെ കെട്ടിടത്തില്‍ പതിച്ചെന്നും യുക്രൈന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ജനവാസ മേഖലകളും പാര്‍പ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണം വര്‍ധിച്ചുവരുകയാണെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു. ഇതിനിടെ യുക്രൈന്‍ ആയുധംവെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. യുക്രൈനെ നിരായുധീകരിക്കുകയാണ് ലക്ഷ്യമെന്നും യുക്രൈനെ പൂര്‍ണമായും അധീനതയിലാക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാവ്‌റോവ് പറഞ്ഞു.

ഒഡേസയിലും അതിശക്തമായ വ്യോമാക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. കീവിലെ വൈദ്യുത-ഭക്ഷണ വിതരണ സംവിധാനങ്ങള്‍ തടസ്സപ്പെടുത്താന്‍ റഷ്യ ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകള്‍ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മോസ്‌കോയില്‍ റഷ്യന്‍ അനുകൂലികളായ യുക്രൈന്‍ നേതാക്കളുടെ പട്ടിക തയ്യാറാക്കുകയാണെന്നും സൈനിക നടപടി പൂര്‍ത്തിയായാല്‍ ഇവരെ ഭരണാധികാരകളായി പ്രഖ്യാപിക്കാനാണ് റഷ്യ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here