കാസർകോട് കുഡ്‍ലുവിൽ മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്, തമ്മിൽത്തല്ല്

0
164

കാസർകോട്: കാസർകോട് കുഡ്‍ലുവിൽ മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽത്തല്ലും കത്തിക്കുത്തും നടന്നു. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പ്രശാന്ത് എന്ന ബിജെപി പ്രവർത്തകനാണ് വയറ്റിൽ കുത്തേറ്റത്. പരിക്കേറ്റ പ്രശാന്തിനെ മെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിജെപി പ്രവർത്തകനായ മഹേഷാണ് പ്രശാന്തിനെ കുത്തിയത് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ.

മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. പത്ത് സെന്‍റിമീറ്ററോളം നീളത്തിൽ പ്രശാന്തിന്‍റെ വയറിൽ കീറലുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. നിലവിൽ പ്രശാന്ത് അപകടനില തരണം ചെയ്തിട്ടുണ്ട്.

എസ്‍ഡിപിഐ പ്രവർത്തകനായ സൈനുൽ ആബിദിനെ 2013-ൽ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. കുത്തേറ്റ പ്രശാന്ത് 15 കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ നേരത്തേ കേരളാ പൊലീസ് കാപ്പ ചുമത്തിയിരുന്നു. നാല് മാസം മുമ്പാണ് കാപ്പ പിൻവലിച്ചത്. കുത്തിയ മഹേഷും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here