കര്‍ണാടക തിരഞ്ഞെടുപ്പ്: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് മോദിയുടെ മുന്‍ കാമ്പയ്‌നറെ

0
61

ബെംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ശേഷിക്കേ, അധികാരം പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് തുടക്കമിട്ട് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ഏല്‍പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

2014-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന ആളാണ് സുനില്‍ കനുഗോലു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനുവേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് സുനില്‍ കനുഗോലു ആയിരുന്നു. സ്വന്തം സംസ്ഥാനമായ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനുവേണ്ടി ബിജെപിക്കെതിരേ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ഊഴമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയമുറപ്പാക്കാന്‍ ഐക്യത്തോടെ പ്രവര്‍ത്തനരംഗത്തിറങ്ങാന്‍ രാഹുല്‍ ഗാന്ധി നേതാക്കളോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രിസ്ഥാനം കണ്ണുവെച്ച് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ നിര്‍ദേശം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു. ഹിജാബ് വിവാദത്തില്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുംവരെ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ഗാന്ധി നേതാക്കളോട് നിര്‍ദേശിച്ചതായും സൂചനയുണ്ട്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എം. വീരപ്പ മൊയ്ലി, കൗണ്‍സില്‍ ചെയര്‍മാന്‍ ബി.കെ. ഹരിപ്രസാദ് ഉള്‍പ്പെടെ 21 നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here