കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

0
139

ബെംഗളൂരു: കര്‍ണാടകയില്‍ (Karnataka) ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപതാകത്തില്‍ (Bajrang Dal Activist Murder) രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ശിവമോഗ സ്വദേശികളായ രെഹാന്‍ ഷെരീഷ്, അബ്ദുള്‍ അഫ്നാന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊലപാതകത്തിൽ ഒരുവിഭാഗം സംഘടനകൾക്ക് പങ്കുണ്ടെന്നും ഈ സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണെന്നും കർണാടക ആഭ്യന്തര മന്ത്രി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്ക് എതിരായ പരാതികള്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപതാകത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്നാണ് പൊലീസ് പറയുന്നത്. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഡാലോചന കൊലപാതകത്തിലേക്ക് വഴിവച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ആഴ്ചകള്‍ക്ക് മുന്നേ കൊലപാതകത്തിന് പദ്ധതി തയാറാക്കിയിരുന്നു. അറസ്റ്റിലായവരുടെ സംഘടനാ ബന്ധങ്ങള്‍ പരിശോധിക്കുകയാണ്. പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന 12 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഞയറാഴ്ച രാത്രിയാണ് കാറിലെത്തിയ അഞ്ചംഗ സംഘം ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഒരു പെട്രോള്‍ പമ്പിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഹര്‍ഷയെ അക്രമിസംഘം വെട്ടുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. ബജ്‌റംഗ്ദളിന്‍റെ സജീവപ്രവര്‍ത്തകനായിരുന്ന ഹര്‍ഷയ്ക്ക് മുമ്പും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബജ്റംഗ്ദള്‍ റാലികള്‍ക്കിടെ പ്രദേശത്ത് മറ്റൊരു സംഘവുമായി ഹര്‍ഷ നിരന്തരം സംഘര്‍ഷത്തിലായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശിവമോഗയില്‍ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഹര്‍ഷയുടെ സംസ്‌കാര ചടങ്ങില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു.  അതേസമയം ഹിജാബ് നിരോധനത്തിനെതിരെ ഹര്‍ജി നല്‍കിയ ഉഡുപ്പി പിയു കോളേജ് വിദ്യാര്‍ത്ഥിനിയുടെ സഹോദരന്‍ സെയ്ഫിനെ ഒരു സംഘം മര്‍ദ്ദിച്ചു. സെയ്ഫ് നടത്തിയിരുന്ന ഹോട്ടലിന് നേരെ കല്ലേറുണ്ടായി. പരുക്കേറ്റ സെയ്ഫ് ഉഡുപ്പിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here