ഇരയുടെ കുടുംബം മാപ്പു നല്‍കി; വധശിക്ഷ കാത്ത് കഴിഞ്ഞ പ്രതി നെഞ്ചുപൊട്ടി മരിച്ചു

0
180

തെഹ്‌റാന്‍: ഇറാനില്‍ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി, ഇരയുടെ കുടുംബം മാപ്പുനല്‍കിയത് അറിഞ്ഞതോടെ നെഞ്ചുപൊട്ടി മരിച്ചു. ഇറാന്‍ സ്വദേശിയായ അക്ബര്‍ ആണ് മരിച്ചത്. ബന്ദര്‍ അബ്ബാസിലെ കോടതിയാണ് ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയതോടെ വധശിക്ഷ ഒഴിവാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാപ്പു ലഭിച്ചതറിഞ്ഞ 55കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 37-ാം വയസ്സിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ജയിലില്‍ കഴിയുകയായിരുന്ന പ്രതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായി കഴിഞ്ഞ 18 വര്‍ഷമായി കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പു ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.

ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയെന്നും കോടതി ഇത് അംഗീകരിച്ച് വധശിക്ഷ ഒഴിവാക്കിയെന്നും കേട്ടതോടെ സന്തോഷം സഹിക്കാന്‍ കഴിയാതെ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഇറാനില്‍ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ മാത്രമെ വധശിക്ഷയില്‍ നിന്ന് ഒഴിവാകുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here