ആരാധകൻറെ അപ്രതീക്ഷിത സ്‌നേഹപ്രകടനം; റോഡ് ഷോയ്ക്കിടെ നടനെ വലിച്ച് താഴെയിട്ടു- വൈറൽ വീഡിയോ

0
61

ആന്ധ്രാപ്രദശില്‍ റോഡ് ഷോയ്ക്കിടെ തെലുങ്ക് താരം പവന്‍ കല്ല്യാണിനെ വാഹനത്തിന് മുകളില്‍ നിന്ന് വലിച്ച് താഴെയിട്ട് ആരാധകന്‍. വാഹനത്തിന് മുകളിൽ കയറി ജനക്കൂട്ടത്തോട് കൈകൂപ്പിനിന്ന താരത്തെ ഒരു ആരാധകന്‍ പുറകില്‍ നിന്ന് കെട്ടിപ്പിടിക്കാന്‍ ശ്രമിക്കവെയാണ് സംഭവം. ആരാധകന്‍ നിലത്തും താരം കാറിന് മുകളിലുമായി വീഴുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിത സ്നേഹപ്രകടനത്തിനിടെ താഴെവീണ പവന്‍ ഉടൻ തന്നെ എഴുന്നേറ്റ് ജനക്കൂട്ടത്തെ നോക്കി കൈവീശുന്നതും വീഡിയോയില്‍ കാണാം. ജനസേവ പാര്‍ട്ടി നേതാവായ പവന്‍ നരസപുരത്ത് നടന്ന റോഡ് ഷോയില്‍ പങ്കെടുക്കവെയാണ് സംഭവം. താരത്തെകാണാന്‍ റോഡിന് ഇരുവശത്തുമായി വന്‍ ജനക്കൂട്ടമാണുണ്ടായത്. ഇതോടെ താരം കാറിന്‍റെ റൂഫ് തുറന്ന് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ‘ഭീംല നായക്’ ആണ് പവന്‍ കല്ല്യാണിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് മലയാളചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് ഭീംല നായക്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴി‍ഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ഭീംല നായകില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കോശി എന്ന കഥാപാത്രമായെത്തുന്നത് റാണ ദഗുബാട്ടിയാണ്. അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മയായി നിത്യ മേനോനും റാണ ദഗുബാട്ടി അവതരിപ്പിക്കുന്ന ഡാനിയേല്‍ ശേഖറിന്‍റെ ഭാര്യയായി സംയുക്ത മേനോനും ചിത്രത്തിലെത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here