പാതിരാത്രിയിലും സിറ്റിങ്; കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി: അപൂർവം

0
245

കൊച്ചി∙ രാത്രിയിൽ കേസ് പരിഗണിച്ച് തുറമുഖത്തുള്ള ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. ആദ്യമായാണ് കേരള ഹൈക്കോടതി രാത്രിയില്‍ സിറ്റിങ് നടത്തുന്നത്. കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട എംവി ഓഷ്യന്‍ റേസ് കപ്പല്‍ തുറമുഖം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കപ്പലിൽ വെള്ളം വിതരണം ചെയ്ത കമ്പനി നൽകിയ ഹർജിയാണ് ഹൈക്കോടതി രാത്രി അടിയന്തരമായി തീർപ്പാക്കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടരക്കോടി രൂപ ലഭിക്കാനുണ്ടെന്നു കാട്ടി കൊച്ചിയിലെ ഒരു സ്ഥാപനമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ കപ്പലിന്റെ യാത്ര അടിയന്തരമായി തടയണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ഇന്നു പുലർച്ചെ കപ്പൽ കൊച്ചി വിടുന്നതിനാലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിൽ അടിയന്തരമായി രാത്രിയിൽ കേസ് പരിഗണിച്ചത്. ഒരു മണിക്കൂറോളം സിറ്റിങ് തുടർന്നു.

തുടർന്ന് കപ്പലിന്റെ യാത്ര തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പോർട്ട് ട്രസ്റ്റിന് കോടതി നിർദേശം നൽകി. അമ്പലമുകൾ‌ എഫ്ഐസിടിയിലേക്ക് ചരക്കുമായി എത്തിയതായിരുന്നു കപ്പൽ.

കപ്പലിന് വെള്ളം നല്‍കിയ കൊച്ചിയിലെ കമ്പനിക്ക് ഉടന്‍ രണ്ടരക്കോടി രൂപ നല്‍കണമെന്നാണ് ഉത്തരവായത്. ഇതു നൽകാതെ കപ്പൽ തുറമുഖം വിടരുതെന്നും ഉത്തരവിൽ പറയുന്നു. ഈ തുക രണ്ടാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ എംവി ഓഷ്യന്‍ റേസ് കപ്പല്‍ ഹര്‍ജിക്കാരന് ലേലം ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here