ട്രെയിനിൽ പൊലീസിന്റെ ക്രൂരത, ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്ത യാത്രക്കാരനെ തല്ലിവീഴ്ത്തിയ ശേഷം ബൂട്ടിട്ട് ചവിട്ടി; ദൃശ്യങ്ങൾ പുറത്ത്

0
310

കണ്ണൂർ : കണ്ണൂരിൽ ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത. മാവേലി എക്സ്പപ്രസിൽ വെച്ച് എഎസ്ഐ, യാത്രക്കാരനെ മർദ്ദിച്ചു. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് മർദ്ദനമുണ്ടായത്.

യാത്രക്കാരൻ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് ദൃശ്യങ്ങൾ പകർത്തിയ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരൻ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ക്രൂമമായ മർദ്ദനം കണ്ടതോടെ ഇടപെട്ടു. എന്നാൽ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാരൻ തന്നോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ ടിടിഇ യെ മാത്രമേ ടിക്കറ്റ് കാണിക്കൂ എന്ന് താൻ പറഞ്ഞുവെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മദ്യപിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള നിയമനടപടികളെടുക്കുകയാണ് വേണ്ടതെന്നിരിക്കെ ക്രൂരമായി  മർദ്ദിക്കുകയാണ് പൊലീസുകാരൻ ചെയ്തതെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു.

എന്നാൽ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്ഐഐ പ്രമോദ് വിശദീകരിക്കുന്നു. യാത്രക്കാരൻ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here