‘ഒരു കിലോ സ്വർണ്ണ മിശ്രിതവുമായി കരിപ്പൂരിലിറങ്ങി, കാത്തുനിന്നത് പൊട്ടിക്കൽ സംഘം’; കരിപ്പൂരിൽ നാടകീയ രം​ഗങ്ങൾ

0
248

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഒരു കിലോ സ്വർണ്ണ മിശ്രിതമാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. കടത്തിയ സ്വർണ്ണം പൊട്ടിക്കാനെത്തിയ രണ്ടുപേരെയും പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവർ കൊടുവള്ളി സ്വദേശികളാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം. ഇവരുടെ വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊട്ടിക്കൽ സംഘത്തിലെ പ്രധാനികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലാണ് തിരൂർ സ്വദേശി ഷക്കീബ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. പരിശോധനയിൽ ഇയാളെ പിടികൂടാനായില്ല. എന്നാൽ ഷക്കീബ് സ്വർണവുമായി പുറത്തിറങ്ങിയപ്പോൾ ആറോളം പേർ ഇയാളെ വളഞ്ഞു. സ്വർണ്ണം കൈക്കലാക്കാൻ ശ്രമിക്കുന്നതിടെ പിടിവലിയുണ്ടായി. ഇതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവരെ പിടികൂടി.

പൊലീസ് ഇടപെടലുണ്ടായ സമയത്ത് പിടിവലിയുണ്ടാക്കിയ നാല് പേർ രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം പുരോ​ഗമിക്കുകയാണ്. കസ്റ്റഡിയിലായവരെ കൃത്യമായി ചോദ്യം ചെയ്തതോടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരികയായിരുന്നു. ഷക്കീബ് കടത്തിയ സ്വർണ്ണം കൊള്ളയടിക്കാനെത്തിയവരുമായിട്ടാണ് പിടിവലിയുണ്ടായത്.

ഇവർക്ക് പിന്നിൽ വൻ സംഘമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. രാമനാട്ടുകര സ്വർണകവർച്ചയ്ക്ക് ശേഷം സ്വർണം പൊട്ടിക്കൽ സംഘങ്ങളെക്കുറിച്ചുള്ള വിവര ശേഖരണത്തിലാണ് പൊലീസ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here