അറ്റകുറ്റപ്പണി നിരീക്ഷിക്കും: പരിശോധനയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക ടീം

0
144

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരില്‍ ആവശ്യമില്ലാത്തിടത്ത് പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഏല്ലാ അറ്റകുറ്റപ്പണികളും ഈ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പൊതുമരാമത്ത് വകുപ്പില്‍
റോഡ് അറ്റകുറ്റപ്പണി പരിശോധിക്കുവാന്‍
പ്രത്യേക ടീം..
കോവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ണ്ണ തോതില്‍ പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി റോഡുകളിലെ അറ്റകുറ്റപ്പണികള്‍ കാര്യമായി പുരോഗമിക്കുകയാണ്.
എന്നാല്‍ ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട്  പരിശോധന നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് സമഗ്രമായി പരിശോധിക്കുവാന്‍ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ ഈ ടീമിന്റെ നിരീക്ഷണത്തിലായിരിക്കും.
#നമുക്കൊരുവഴിയുണ്ടാക്കാം

LEAVE A REPLY

Please enter your comment!
Please enter your name here