കുഞ്ഞിനെ കാണാതായി; പരക്കംപാഞ്ഞ് നാട്ടുകാര്‍, പുകിലൊന്നുമറിയാതെ കുട്ടി ​വീട്ടിനകത്തു സുഖനിദ്രയില്‍

0
99

ആലപ്പുഴ: നഗരപരിസരത്തെ വീട്ടില്‍ രക്ഷിതാക്കളോടൊപ്പം വിരുന്നുവന്ന നാലുവയസ്സുകാരിയെ കാണാതായെന്ന വാര്‍ത്ത പരന്നത് ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ്. രണ്ടുമണിക്കൂറോളം വാര്‍ത്ത നാടിനെ ആശങ്കയിലാക്കി. ബന്ധുക്കളും നാട്ടുകാരും പോലീസും രണ്ടുമണിക്കൂറോളം കുഞ്ഞിനെത്തേടി പരക്കംപാഞ്ഞു. ഒടുവില്‍ പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഈ പുകിലൊന്നുമറിയാതെ അകത്തെ അലമാരയ്ക്കു പിറകില്‍ കുഞ്ഞ് നല്ല ഉറക്കത്തിലും.

ആലപ്പുഴ നഗരത്തിലെ കുതിരപ്പന്തിയില്‍നിന്ന് കുട്ടിയെ കാണാതായെന്ന പ്രചാരണം തുടങ്ങിയതോടെ ചിത്രവും വിവരങ്ങളുമടങ്ങുന്ന പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്യസംസ്ഥാനക്കാര്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയെന്നുവരെ വാര്‍ത്തപരന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും രംഗത്തിറങ്ങി. പോലീസ് സേനയുടെ ജില്ലാതല യോഗം ജില്ലാ ആസ്ഥാനത്തു നടക്കുന്നതുകൊണ്ട് മിക്കവാറും ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലുണ്ടായിരുന്നു. പോലീസ് ജീപ്പുകള്‍ നഗരത്തില്‍ തലങ്ങുംവിലങ്ങും പാഞ്ഞു. ജങ്ഷനുകളും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളും വീടിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളുമെല്ലാം പരിശോധിച്ചു.

കോട്ടയത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് കഴിഞ്ഞദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവമായിരുന്നു എല്ലാവരുടെയും മനസ്സില്‍.

സര്‍വരും കുട്ടിക്കുവേണ്ടി നാടാകെ തിരയുമ്പോള്‍ വീടിനകം ആരും ശ്രദ്ധിച്ചില്ല. നാട്ടിലെ തിരച്ചിലിനൊടുവില്‍ പോലീസ് വീട്ടിലെത്തി പരിശോധിക്കാനെടുത്ത തീരുമാനമാണ് ട്വിസ്റ്റായത്.

അതോടെ ആശങ്കകള്‍ ട്രോളുകളായി സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു. കുട്ടിയും രക്ഷിതാക്കളും കുതിരപ്പന്തിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here