ഒമിക്രോണിലൂടെ കേരളത്തിലും മൂന്നാംതരം​ഗം? ആന്റിജൻ പരിശോധനകൾ കൂട്ടണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ

0
47

തിരുവനന്തപുരം: ടിപിആർ പത്ത് കടന്നതോടെ സംസ്ഥാനത്തും ഒമിക്രോണിലൂടെ മൂന്നാം തരംഗമെന്ന വിലയിരുത്തലിലേക്കാണ് പോകുന്നത്. കേരളം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ ഈ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ മുന്നോട്ടു വെക്കുന്നുണ്ട്. കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവരിൽ നൽകുന്ന കോക്ടെയിൽ ചികിത്സയുടെ ഫലപ്രാപ്തിയടക്കം പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ദർ പറയുന്നത്.

ഇതുവരെയുണ്ടായ ഏറ്റവുമുയർന്ന പ്രതിദിന കണക്ക് 43,000 വരെ. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതിൽ 50 ശതമാനം വരെ കുറവെന്ന് വിലയിരുത്തൽ. കേസുകൾ കൈവിട്ടാൽ ചികിത്സാ സംവിധാനങ്ങൾ ഞെരുങ്ങും. കോക്ടെയിൽ ചികിത്സ ഫലിക്കാതാകുമോ എന്ന ആശങ്കയുമുണ്ട്. മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിൽ ചികിത്സയുടെ ഫലപ്രാപ്തിയിൽ ആണ് ആശങ്ക.  മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിൽ ചികിത്സ ഒമിക്രോണിനെതിരെ ഫലപ്രദമോയെന്ന് പരിശോധിക്കണമെന്നും  വിദഗ്ദർ പറയുന്നു.

ജനിതക പരിശോധനയില്ലാതെ തന്നെ, ഒമിക്രോൺ കണ്ടെത്താവുന്ന പിസിആർ പരിശോധനാ കിറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് അതിലേക്ക് മാറണമെന്നാണ് പ്രധാന നിർദേശം. സംസ്ഥാനത്തെത്തുന്നവരിൽ മാത്രം ഒമിക്രോൺ പരിശോധന ഒതുക്കാതെ റാൻഡം പരിശോധനകൾ സമൂഹത്തിലും നടത്തണം.കോവിഡ് കേസുകൾ കൂടുന്നതിനാൽ ആന്റിജൻ പരിശോധനകൾ വീണ്ടും കൂട്ടണമെന്ന നിർദേശവും വിദ​ഗ്ധർ മുന്നോട്ട് വച്ചിട്ടുണ്ട്

ഇതിനിടെ സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ഇന്ന് ചേരും. ജില്ലകലിലെ സാഹചര്യം വിലയിരുത്തി സിഎഫ്എൽടിസിസികളും മറ്റും വീണ്ടും തുറക്കുന്നത് ചർച്ചയാകും. ഒമിക്രോൺ കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണം, പ്രതിരോധം എന്നിവയിൽ വിദഗ്ദസമിതി നിർദേശവും തേടും.

60 വയസ്സിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവ‍ർക്കും, ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും ബൂസ്റ്റർ ഡോസ് വാക്സിനും ഇന്ന് തുടങ്ങും. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. അതേസമയം കൗമാരക്കാർക്കുള്ള ഊർജ്ജിത വാക്സിനേഷൻ ഇന്ന് അവസാനിക്കും. നാളെ മുതൽ ആഴ്ച്ചയിൽ നാല് ദിവസമെന്ന നിലയിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലാകും കൗമാരക്കാർക്കുള്ള വാക്സിൻ

LEAVE A REPLY

Please enter your comment!
Please enter your name here