ഐ.എസ്. ബന്ധം: മംഗളൂരുവിൽ യുവതിയെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു

0
132

മംഗളുരു: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ബന്ധം ആരോപിച്ച് യുവതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഉള്ളാൾ മാസ്തിക്കട്ടെ ബി.എം. കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്ദുൾ റഹ്‌മാന്റെ ഭാര്യ മറിയ (ദീപ്തി മർള)മാണ് അറസ്റ്റിലായത്.

ഒാഗസ്റ്റ് നാലിന് എൻ.ഐ.എ. സംഘം ഉള്ളാളിലെ വീട്ടിൽ റെയ്ഡ് നടത്തി ഇവരുടെ ഭർതൃസഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടർന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയക്കുകയായിരുന്നു. എന്നാൽ ഇവരെ നിരന്തരം നിരീക്ഷിച്ച എൻ.ഐ.എ. സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തി. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ജില്ലാ സർക്കാർ വെൻലോക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ മറിയത്തെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി ഡൽഹിയിലേക്ക് കൊണ്ടുപോകും.

കുടക് സ്വദേശിനിയായ ദീപ്തി മർള മംഗളൂരുവിൽ ബി.ഡി.എസിനു പഠിക്കുമ്പോഴാണ് സഹപാഠിയായ അനസ് അബ്ദുൾ റഹ്‌മാനുമായി പ്രണയത്തിലാകുന്നതും മതംമാറി മറിയം എന്ന പേര്‌ സ്വീകരിച്ച് വിവാഹം കഴിക്കുന്നതും. ഐ.എസ്. ആശയങ്ങളുടെ യുട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുക, സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവക്ക് മറിയം നേതൃത്വം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന. ഡൽഹിയിൽ നിന്നെത്തിയ എൻ.ഐ.എ. അസി. ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൃഷ്ണകുമാർ, ഉദ്യോഗസ്ഥരായ മോണിക്ക ദിഖ്വാൽ, അജയ് കുമാർ എന്നിവരാണ് മറിയത്തെ അറസ്റ്റ് ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here