എസ്.ഡി.പി.ഐയുടെ വെല്ലുവിളി സ്വീകരിക്കുന്നു, ഏത് മാര്‍ഗമാണോ സ്വീകരിക്കുന്നത് അതിന് ആര്‍.എസ്.എസ് തയ്യാറാണ്: വത്സന്‍ തില്ലങ്കേരി

0
294

കണ്ണൂര്‍: ആര്‍.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി ആര്‍.എസ്.എസ് സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി.

ഞങ്ങളുടെ പ്രവ്രര്‍ത്തകരെ കൊന്നുതള്ളും എന്ന എസ്.ഡി.പി.ഐയുടെ വെല്ലുവിളി സ്വീകരിക്കുന്നു. ഏത് മാര്‍ഗമാണ് നിങ്ങള്‍ സ്വീകരിക്കുന്നത് ആ മാര്‍ഗം സ്വീകരിക്കാന്‍ തങ്ങളും തയ്യാറാണെന്നും അദ്ദഹം പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളി സ്വീകരിക്കല്‍ ആര്‍.എസ്.എസിന്റെ രീതിയല്ല. അത് ഞങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോള്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി നിരപരാധികളായ ആളുകളെ കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. പോപ്പുലര്‍ ഫ്രണ്ടിനെ അടക്കാന്‍ സര്‍ക്കാരിന് ആകുന്നില്ലെങ്കില്‍ അവരെ അടക്കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുണ്ട്. ആ കരുത്ത് പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് എണ്ണം പറഞ്ഞ ലക്ഷണമൊത്ത രാജ്യവിരുദ്ധ പ്രസ്ഥാനമാണ്. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയെയും സൈന്യത്തെയും പൊലീസിനെയും അവര്‍ വെല്ലുവിളിക്കുകയാണ്. നാടിനെ താലിബാനാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധവും പ്രതിരോധവുമെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ആരാണോ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്, ആരാണോ ഞങ്ങള്‍ക്ക് എതിരായി വരുന്നത് അത്തരം ആളുകളോട് മാത്രമാണ് ഞങ്ങള്‍ക്ക് പ്രശ്നം. മതത്തിന്റെ ചിഹ്നങ്ങളും ഭാഷയും മതഗ്രന്ഥങ്ങളില്‍ നിന്നുള്ള സൂക്തങ്ങളും ഉപയോഗിച്ച് പലപ്പോഴും മതപരമായ ചില കാര്യങ്ങളുടെ പരിച ഉപയോഗിച്ച് അവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആലപ്പുഴ രഞ്ജിത് വധത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ബുധനാഴ്ച നടത്തുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അക്രമസാധ്യതയുണ്ടെന്ന് പൊലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങളിലൂടെയും പ്രകടനം കടന്നുപോകാനുള്ള സാധ്യതയുള്ളതിനാല്‍ അക്രമം നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി ജാഥയുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള വിവരങ്ങളും പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശവും പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here