എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല, സിലബസ് പുതുക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ടൈം ടേബിള്‍ പുനസംഘടിപ്പിക്കും: വി. ശിവന്‍കുട്ടി

0
187

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. എസ്എസ് എൽസി സിലബസ് ഫെബ്രുവരി 1 ന് പൂർത്തിയാക്കും. പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനവും പൂർത്തിയാക്കും.തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്ന്  10,11,12 ക്ലാസുകൾക്ക് വേണ്ട കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങളും ഇനി സ്‌കൂൾ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും ചർച്ച ചെയ്യും.

‘വിദ്യാർത്ഥികൾക്ക് കൊവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിൾ പുനക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നന്നത് അവർക്ക് രോഗം വരാതെ നോക്കുകയാണ്. അൺ എയ്ഡഡ്, സിബിഎസ് ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകൾക്കും സ്കൂളുകൾ അടക്കുന്നത് ബാധകമാണ്. സ്‌കൂൾ അടയ്ക്കേണ്ട എന്ന  നിർദേശം വിദഗ്ധരിൽ പലരും മുന്നോട്ട് വെച്ചു’. എന്നാൽ ഒരു പരീക്ഷണത്തിന്  ഇല്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാർഥികളുടെ വാക്സിനേഷൻ പകുതിയോളം പൂർത്തിയായി. മറ്റുകുട്ടികൾക്കും സ്കൂളുകളിൽ വെച്ച് തന്നെ വളരെ വേഗത്തിൽ വാക്സീൻ നൽകുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് രോഗബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് ഓൺലൈനായി നടത്തുക. ഈ മാസം 21 മുതലാണ് സ്കൂളുകൾ അടച്ചിട്ട് ഓൺലൈൻ ക്ലാസുകൾ തുടങ്ങുക. സജ്ജീകരണങ്ങൾ പൂർത്തിയാക്കാനാണ്  21 മുതലെന്ന തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here