ആര്‍ടിപിസിആറിന് പകരം ആന്‍റിജന്‍; പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണമെന്ന് കേന്ദ്രം

0
50

രാജ്യത്ത് കൊവിഡ്, ഒമിക്രോണ്‍ കേസുകളുടെ എണ്ണം ഉയരുന്നതിനാല്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കണം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണണെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.

ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, അടുത്തിടെയുള്ള രുചിയോ മണമോ നഷ്ടം, ക്ഷീണം, വയറിളക്കം എന്നിവയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കണം. പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയുന്നത് വരെ കൊവിഡ് രോഗിയായി പരിഗണിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് രോഗികളെ നേരത്തെ കണ്ടെത്തി അവരെയും അവര്‍ക്ക് സമ്പര്‍ക്കമുള്ളവരെയും കൃത്യമായി ക്വാറന്റൈന്‍ ചെയ്യുകയാണ് ലക്ഷ്യം. കൂടുതല്‍ റാപ്പിഡ് പരിശോധന ബൂത്തുകള്‍ സ്ഥാപിക്കുക, മെഡിക്കല്‍-പാരാമെഡിക്കല്‍ ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിനോടടുക്കുകയാണ്. ആകെ കൊവിഡ്രോഗികളുടെ എണ്ണവും കുത്തനെ കൂടി. ദില്ലിയില്‍ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു. ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കൂടി.

LEAVE A REPLY

Please enter your comment!
Please enter your name here