അധികഭൂമിക്കാർ കുടുങ്ങും: ആധാറും ചിപ്പുമായി പ്രോപ്പർട്ടി കാർഡ് വരുന്നു

0
52

തൃശ്ശൂർ: വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും കൈവശം വെക്കാവുന്ന പരിധിക്കപ്പുറം ഭൂമിയുള്ളവർ കുടുങ്ങും. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയായി ഭൂവുടമയ്ക്കും പ്രോപ്പർട്ടി കാർഡ് ലഭിക്കുന്നതോടെയാണിത്. ഈ കാർഡിൽ ആധാർ നമ്പറും ചിപ്പും തണ്ടപ്പേരും ക്യൂ.ആർ. കോഡും ഉൾപ്പെടുന്നതിനാൽ രാജ്യത്തെവിടെ ഭൂമിയുണ്ടെങ്കിലും തിരിച്ചറിയും. ഭൂപരിഷ്‌കരണനിയമമനുസരിച്ച് ഭൂപരിധിനിർണയം നടത്തി മിച്ചഭൂമി കണ്ടുകെട്ടി അർഹരായ ഭൂരഹിതർക്ക് നൽകും.

റവന്യൂ, രജിസ്‌ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ ഏകജാലകസംവിധാനമാക്കിയതിനും റീസർവേ പൂർത്തിയാക്കിയതിനും ശേഷമാണ് പ്രോപ്പർട്ടി കാർഡ് തയ്യാറാക്കുക. നാലുവർഷത്തിനുള്ളിൽ റീസർവേ പൂർത്തിയാകും.

പ്രോപ്പർട്ടി കാർഡ് ആധാരത്തിന് പകരമായുള്ള ആധികാരികരേഖയാകും. ആധാറിന് സമാനമായി തിരിച്ചറിയൽ നമ്പറുമുണ്ടാകും. ഓരോ സംസ്ഥാനത്തും വ്യത്യസ്തപേരുകളിലാണ് പ്രോപ്പർട്ടി കാർഡ് നൽകുക.

നിലവിൽ വില്ലേജിൽനിന്നാണ് ഭൂമിസംബന്ധമായ രേഖകൾ ലഭിക്കുന്നത്. ഒരു വ്യക്തിയുടെ പേരിൽ രണ്ടോ അതിലധികമോ വില്ലേജുകളിൽ ഭൂമിയുണ്ടെങ്കിൽ അറിയാനാകില്ല. കേന്ദ്രസർക്കാരിന്റെ ‘സ്വാമിത്വ’ പദ്ധതിയുടെ ഭാഗമായാണ് പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യുന്നത്. ആധാർ കാർഡില്ലാത്ത വളരെ ചുരുക്കം ശതമാനം പേരിൽ മാത്രമാണ് പ്രോപ്പർട്ടി കാർഡ് നൽകാനാകാതെ വരുക. അവരെയും ഘട്ടംഘട്ടമായി പദ്ധതിയിലേക്ക്‌ കൊണ്ടുവരും.

LEAVE A REPLY

Please enter your comment!
Please enter your name here