ഭീതി പടര്‍ത്തി കൊവിഡ്, ലോകം വീണ്ടും അടച്ചിടല്‍ ഭീഷണിയില്‍; യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും റെക്കോര്‍ഡ് കേസുകള്‍

0
251

ലണ്ടന്‍: ലോകം വീണ്ടും കൊവിഡ് ഭീതിയിലേക്ക് കടക്കുന്നതായി കണക്കുകള്‍. യൂറോപ്പിലും ഓസ്‌ട്രേലിയയിലുമടക്കമുള്ള രാജ്യങ്ങളില്‍ റെക്കോര്‍ഡ് കേസുകളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ക്രിസ്മസ് ആഘോഷങ്ങളും വരാനിരിക്കുന്ന ന്യൂ ഇയര്‍ ആഘോഷങ്ങളും കൂടിയാകുമ്പോള്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വ്ദഗ്ധര്‍ പറയുന്നത്.

പല രാജ്യങ്ങളും വരാനിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ മുന്നില്‍ക്കണ്ട് രാജ്യങ്ങളിലെ മെഡിക്കല്‍ ആശുപത്രി മേഖലയെ അത് നേരിടാന്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.

ലോകത്ത് കൊവിഡ് കേസുകള്‍ 11 ശതമാനമാണ് കഴിഞ്ഞ ആഴ്ച വര്‍ധിച്ചത്.

ഒമിക്രോണ്‍ വകഭേദം കൂടിയായതോടെയാണ് പല രാജ്യങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയര്‍ന്നത്. ബ്രിട്ടന്‍, ഇറ്റലി, ഗ്രീസ്, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ആസ്‌ട്രേലിയയിലും റെക്കോര്‍ഡ് കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദങ്ങളാണ് അമേരിക്കയില്‍ കേസുകളുടെ വര്‍ധനവിന് കാരണമായിരിക്കുന്നത്. 750ലധികം വിമാനങ്ങളാണ് കൊവിഡ് കാരണം അമേരിക്കയില്‍ റദ്ദാക്കിയിരിക്കുന്നത്.

അവധിക്കാല യാത്രകളും കൂടിച്ചേരലുകള്‍ക്കും നിയന്ത്രണങ്ങള്‍ വരുന്നതോടെ രാജ്യം വീണ്ടും മടുപ്പിക്കുന്ന ശൈത്യത്തിലേക്ക് കടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇക്കഴിഞ്ഞ ഏഴ് ദിവസത്തെ അമേരിക്കയിലെ ശരാശരി കൊവിഡ് കണക്ക് 2,67,000 ആണ്.

ഫ്രാന്‍സിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ദിവസേനയുള്ള കൊവിഡ് കണക്ക് രണ്ട് ലക്ഷം പിന്നിട്ടത്തോടെ രാജ്യം കൂടുതല്‍ ആശങ്കയിലാണ്.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,08,000 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഫ്രാന്‍സിന്റെ ആരോഗ്യ മന്ത്രി ഒലിവിയെര്‍ വെരന്‍ പറഞ്ഞു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന റെക്കോര്‍ഡ് എണ്ണം കേസുകളാണിത്.

ബുധനാഴ്ച നടന്ന നാഷണല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ആരോഗ്യമന്ത്രി രാജ്യം കടന്നു പോകുന്ന ആശങ്കാകുലമായ അവസ്ഥയെപ്പറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഒമിക്രോണ്‍ വകഭേദത്തിന്റെ അനിയന്ത്രിതമായ പകര്‍ച്ചയാണ് ഫ്രാന്‍സിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടാന്‍ കാരണമായത്.

വൈറസ് അതിവേഗം പടരുകയാണെന്നും വാക്‌സിനെടുത്തവരാണെങ്കില്‍ പോലും ഇത്തവണ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ മന്ത്രി തുറന്നുപറഞ്ഞു.

ഓസ്‌ട്രേലിയയിലും ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ കണക്കുകള്‍ പിടിവിട്ടുകൊണ്ട് കുതിക്കുകയാണ്. സാഹചര്യം മോശമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യാഴാഴ്ച അടിയന്തിരമായി ദേശീയ കാബിനറ്റ് മീറ്റിംഗ് വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

കേസുകളുടെ എണ്ണം കുത്തനെ കൂടിയതിനാല്‍ രാജ്യത്തെ പല ടെസ്റ്റിങ് കേന്ദ്രങ്ങളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നതും ആരോഗ്യരംഗത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ആശുപത്രികളില്‍ സര്‍ജറികളടക്കമുള്ള മെഡിക്കല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

സിഡ്‌നി, ന്യൂ സൗത്ത് വെയ്ല്‍സ് എന്നിവിടങ്ങളിലെല്ലാം പോസിറ്റീവ് കേസുകള്‍ നേരെ ഇരട്ടിയായിരിക്കുകയാണ്.

ബ്രിട്ടനില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് കൊവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാം തലവന്‍. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് 1000ലധികം ആളുകളുമായി ബന്ധപ്പെട്ട് ബൂസ്റ്റര്‍ ഡോസ് ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

1,29,471 എന്ന റെക്കോര്‍ഡ് എണ്ണം കേസുകളാണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.

സുനാമി പോലെ ഒമിക്രോണ്‍ വ്യാപകമായി പടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പല രാജ്യങ്ങളിലേയും ആരോഗ്യ മേഖലകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇതിനു സാധിക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥാനൊം പറഞ്ഞു.

ഡെല്‍റ്റ വൈറസിന്റെയും ഒമിക്രോണിന്റെയും വകഭേദങ്ങള്‍ കൂടിച്ചേരുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ഒരുപാട് ആളുകളെ മരണത്തിലേക്ക് നയിക്കാന്‍ ഇതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഡെല്‍റ്റ പോലെതന്നെ ഒമിക്രോണ്‍ കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇത് കൊവിഡ് സുനാമിയിലേക്കാണ് നമ്മളെ നയിക്കുന്നത്,” ടെഡ്രോസ് അഥാനൊം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പ്രവര്‍ത്തകരെ ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഇപ്പോള്‍ തന്നെ മന്ദഗതിയിലുള്ള ആരോഗ്യ സംവിധാനം തകരും. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണനിരക്ക് കൂടുന്നുണ്ട്. ഒമിക്രോണ്‍ വകഭേദം വാക്‌സിന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here