ഒമൈക്രോണ്‍: കാസര്‍കോട് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
203
കാസര്‍കോട്: കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്തും റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത. നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും. ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
കോവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.

ഒമിക്രോണ്‍ റിപോര്‍ട് ചെയ്ത പശ്ചാത്തലത്തില്‍ കാസര്‍കോട്ട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കോവിഡ് പ്രതിരോധ നോഡല്‍ ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പറഞ്ഞു. ജില്ലയിലെ ഗ്രാമീണമേഖലയില്‍ വാക്സിസിനേഷന്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സഹായം നല്‍കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. ശ്രീന യോഗത്തില്‍ അറിയിച്ചു.

ഒന്നാം ഡോസ് വാക്സിന്‍ 98 ശതമാനത്തിലധികം കൈവരിച്ച ജില്ല രണ്ടാം ഡോസ് വാക്സിനേഷനില്‍ പിന്നിലാണെന്നും ഇതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. രണ്ടാം ഡോസ് വാക്സിനേഷന്‍ ആവശ്യമായ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ രാജുകട്ടക്കയം, ടി കെ രവി, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രടറിമാര്‍, പഞ്ചായത്ത് ഡെപ്യൂടി ഡയറക്ടര്‍ ജയ്സണ്‍ മാത്യു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here