ആര്‍.എസ്.എസിന്റെ വിവരങ്ങള്‍ എസ്.ഡി.പിഐക്ക് ചോര്‍ത്തികൊടുത്തു; പൊലീസുകാരന് സസ്‌പെന്‍ഷന്‍

0
292

ഇടുക്കി: എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അനസ് പി.കെയ്‌ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങളാണ് അനസ് ചോര്‍ത്തി കൊടുത്തത്.

തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍.

സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരാളുടെ മൊബൈലില്‍ നിന്ന് അനസുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കിട്ടിയിരുന്നു.

പൊലീസ് ഡാറ്റാബേസിലുള്ള ആര്‍.എസ്.എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാള്‍ക്ക് വാട്‌സാപ്പിലൂടെ അയച്ചു നല്‍കാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവം അറിഞ്ഞപ്പോള്‍ തന്നെ അനസിനെ ജില്ല ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

പൊലീസുകാരനെതിരെ കര്‍ശന നടപടി വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ അടക്കം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ ഗൗരവമുള്ളതാണ് ഈ സംഭവമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here