അബുദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍ ഇതിനോടകം പ്രാബല്യത്തില്‍

0
323

അബുദാബി: അബുദാബിയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 60 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 26 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്‍തിട്ടുണ്ട്.

രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നിബന്ധനകളില്‍ മാറ്റം വരുത്തുന്നതെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഇനി 50ല്‍ കവിയാന്‍ പാടില്ല. ഔട്ട്‍ഡോര്‍ പരിപാടികളിലും ഓപ്പണ്‍എയര്‍ ആക്ടിവിറ്റികളിലും 150 പേര്‍ക്കായിരിക്കും പ്രവേശനം. വീടുകളിലെ സാമൂഹിക ചടങ്ങുകളില്‍ പരമാവധി 30 പേര്‍ക്ക് പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ചടങ്ങുകളിലെല്ലാം കൊവിഡ് സുരക്ഷാ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണം. അല്‍ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. ഇതിന് പുറമെ 48 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലവും വേണം. മാസ്‍ക് ധരിക്കുകയും സദാ സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ വ്യാപകമാക്കും.

തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കിയും മൂക്കും വായും മൂടുന്ന തരത്തില്‍ ശരിയായി മാസ്‍ക്ക് ധരിച്ചും എല്ലാവരും രോഗനിയന്ത്രണ മാര്‍ഗങ്ങളുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. എപ്പോഴും മറ്റുള്ളവരില്‍ നിന്ന് രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. കൈകള്‍ എപ്പോഴും കഴുകുകയോ അണുവിമുക്തമാക്കുകയോ വേണമെന്നും അറിയിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ യോഗ്യരായവര്‍ എത്രയും വേഗം അത് സ്വീകരിക്കണമെന്നും നിര്‍ദേശങ്ങളില്‍പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here