ഹലാലിനെതിരെ വിദ്വേഷ പ്രസംഗം; കെ. സുരേന്ദ്രനെതിരെ കേസ്

0
258

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ല സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സുരേന്ദ്രന്റെ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

നവംബര്‍ 17നാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സുരേന്ദ്രന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്.

ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുതെന്നുമാണ് സംഘപരിവാര്‍ പ്രചരണം നടത്തിയിരുന്നത്.

ഭക്ഷണത്തില്‍ മന്ത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മുസ്‌ലിം ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ തുപ്പിയാണ് വിതരണം ചെയ്യുന്നത് എന്നതടക്കമുള്ളമുള്ള വിദ്വേഷം വമിപ്പിക്കുന്ന പരാമര്‍ശങ്ങളും സുരേന്ദ്രന്‍ നടത്തിയിരുന്നു.

അതേസമയം, പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരള പൊലീസും സംഘപരിവാറും തമ്മില്‍ അന്തര്‍ധാര സജീവമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിക്കുന്നുണ്ട്. പരാതി നല്‍കി ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേന്ദ്രനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

പൊലീസിന്റെ ഭാഗത്ത് നിന്ന് നീതിപൂര്‍വമായ നടപടികളല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here