സർക്കാർ-സ്വകാര്യ മേഖല എന്നിങ്ങനെയുള്ള വേർതിരിവ് ഇല്ലാതാകുന്നു, ഗൾഫിൽ ഇനി എല്ലാത്തരം ജീവനക്കാർക്കും തുല്യ സേവന വേതന വ്യവസ്ഥകൾ

0
42

അബുദാബി: യു.എ.ഇ യിൽ അടുത്ത വർഷം ഫെബ്രുവരി രണ്ടു മുതൽ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമത്തിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു. ഇതനുസരിച്ച് അവധികൾ, സേവനാന്ത ആനുകൂല്യം,​ അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി തുടങ്ങിയവയുടെ കാര്യത്തിൽ ഫെഡറൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തമ്മിൽ വ്യത്യാസം ഉണ്ടാവാൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തും. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ അന്തരം പരിമിതപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.

ഇതു കൂടാതെ സർക്കാർ–സ്വകാര്യ മേഖലാ വ്യവസ്ഥകളിലെ വിവേചനം ഇല്ലാതാകുന്നതോടെ കൂടുതൽ സ്വദേശികൾ സ്വകാര്യമേഖലയിലേക്ക് കടന്നു വരാൻ തയ്യാറാകുമെന്നതാണ് മറ്റൊരു നേട്ടം.നിലവിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലാണു കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത്. പുതിയ നിയമം വരുന്നതോടെ അടുത്ത 5 വർഷത്തിനകം സ്വകാര്യമേഖലയിൽ 75,000 സ്വദേശികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ രാജ്യത്ത തൊഴിൽ നിയമത്തിൽ 40 ഭേദഗതികൾ വരുത്തിക്കൊണ്ടാണ് പുതിയ തൊഴിൽ നിയമം യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.

എല്ലാവർക്കും തുല്യ പരിരക്ഷ

രാജ്യത്തുടനീളമുള്ള എല്ലാ ജീവനക്കാർക്കും തുല്യ പരിരക്ഷ ലഭിക്കുന്നതാണ് പരിഷ്‌കരിച്ച തൊഴിൽ നിയമമെന്ന് അധികൃതർ അവകാശപ്പെടുന്നു. പുതിയ നിയമമനുസരിച്ച് അനുയോജ്യമായ ജോലി സമയം, പാർട്ട് ടൈം ജോലി, താൽക്കാലിക ജോലി എന്നിവയിൽ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാൻ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കു സാധിക്കും. തൊഴിലിന്റെ സ്വഭാവം അനുസരിച്ച് വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സമയത്ത് ജോലി ചെയ്യുന്ന രീതി പ്രവാസികൾക്കും സ്വദേശികൾക്കും ഗുണകരമാകും. 30 ദിവസത്തെ വാർഷിക അവധിയും പൊതു അവധികളും സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, 5 ദിവസം പിതൃത്വ അവധി തുടങ്ങി എല്ലാ ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാരെപ്പോലെ സ്വകാര്യമേഖലാ ജീവനക്കാർക്കും ലഭിക്കും.

വിവേചനം പാടില്ല

  • തൊഴിൽ നിയമനങ്ങളിൽ ജാതിയുടേയൊ മതത്തിന്റെയോ ദേശത്തിന്റെയോ നിറത്തിന്റെയോ ലിംഗത്തിന്റെയോ മറ്റോ പേരിൽ യാതൊരുവിധ വിവേചനവും പാടില്ലെന്ന് പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
  • ഭിന്നശേഷിക്കാരായതിന്റെ പേരിലും തൊഴിലവസരങ്ങൾ നിഷേധിക്കാൻ പാടില്ല.
  • ഒന്നിലേറെ തൊഴിലുടമയ്ക്കു കീഴിൽ ജോലി സ്ഥലത്തോ വീട്ടിലോ പാർട് ടൈം ജോലി ചെയ്യാൻ അനുമതി. ഇതിനായി താത്ക്കാലികമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം.
  • ദീർഘകാല കരാറിനുപകരം പകരം 3 വർഷത്തെ തൊഴിൽ കരാറിനാണ് മുൻതൂക്കം. ഇരുകക്ഷികളുടെയും സമ്മതത്തോടെ ആവശ്യാനുസരണം എത്ര തവണ വേണമെങ്കിലും പുതുക്കാം.
  • ദിവസം 8 മണിക്കൂർ, ആഴ്ചയിൽ 48, മൂന്ന് ആഴ്ചയിൽ 144 എന്നിങ്ങനെയാണ് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്.
  • 90 ദിവസത്തേക്ക് രോഗാവധി അഥവാ സിക്ക് ലീവ് എടുക്കാം. 15 ദിവസം മുഴുവൻ ശമ്പളവും 30 ദിവസം പകുതി ശമ്പളവും നൽകും. ബാക്കി 45 ദിവസം ശമ്പളം ഇല്ലാത്ത അവധി എടുക്കാം.
  • യു.എ.ഇ അധികൃതരുടെ അംഗീകാരമുള്ളതും രാജ്യത്തിനകത്തോ പുറത്തോ ഉള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും പരീക്ഷ എഴുതുന്നതിന് 10 ദിവസത്തെ അവധിയും അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here