വിവാഹത്തിന് നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കാക്കാനാകില്ല : ഹൈക്കോടതി

0
77

കൊച്ചി: വിവാഹസമയത്ത് ആരും ആവശ്യപ്പെടാതെ മകളുടെ ക്ഷേമത്തിനായി മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങൾ തിരികെ നൽകണമെന്ന കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം ആർ അനിതയുടെ നിരീക്ഷണം.

സ്ത്രീധന നിരോധന  നിയമത്തിന്റെ പരിധിയിൽ ഇത്തരം സമ്മാനങ്ങൾ ഉൾപ്പെടില്ല. വിവാഹത്തോടനുബന്ധിച്ച് വധുവിന് നൽകുന്ന സമ്മാനങ്ങൾ മറ്റാരെങ്കിലും കൈപ്പറ്റി എന്നു തെളിഞ്ഞാൽ മാത്രമേ സ്ത്രീധന നിരോധന ഓഫിസർക്ക് ഇടപെടാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. സമ്മാനങ്ങൾ കൈപ്പറ്റിയതു മാറ്റാരെങ്കിലും ആണെന്നു കണ്ടാൽ ഓഫീസർക്ക് ഇടപെടാം. സമ്മാനങ്ങൾ വധുവിന് കൈമാറിയിട്ടില്ലെന്ന് ബോധ്യമായാൽ അതു കൈമാറണമെന്ന് നിർദേശിക്കാം. കോടതി ചൂണ്ടിക്കാട്ടി.

55 പവന്‍ ലോക്കറില്‍ വെച്ചിരിക്കുകയാണെന്ന് യുവതി 

വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങൾ ഭർത്താവിൽനിന്ന് തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട്  യുവതി  കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്ക് പരാതി നൽകിയിരുന്നു. വിവാഹത്തിന് ലഭിച്ച 55 പവൻ ബാങ്ക് ലോക്കറിൽ വെച്ചിരിക്കുകയാണെന്നും തിരിച്ചുനൽകാൻ നിർദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്ന് യുവാവ്
പരാതി പരി​ഗണിച്ച ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ആഭരണങ്ങൾ തിരികെ നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് തൊടിയൂർ സ്വദേശിയായ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ആഭരണങ്ങൾ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നൽകാൻ ഓഫീസർക്ക് അധികാരമില്ലെന്നുമാണ്  ഹർജിക്കാരൻ ഹൈക്കോടതിയിൽ നിലപാടെടുത്തത്.

പരിശോധിച്ച് ഉറപ്പു വരുത്തിയതായി വ്യക്തമല്ലെന്ന് കോടതി

ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോയെന്ന് ഓഫീസർ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവിൽ വ്യക്തമല്ലെന്ന് കോടതി വിലയിരുത്തി. ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. ലോക്കറിൽവെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ തനിക്കു നൽകിയ മാലയും തിരിച്ചു നൽകാമെന്ന് ഹർജിക്കാരൻ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടർന്ന് ഹർജി തീർപ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here