വയനാട്ടിൽ വൃദ്ധനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ കീഴടങ്ങി

0
129

കൽപ്പറ്റ: വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി 68 വയസുകാരൻ മുഹമ്മദിന്റെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്.

സംഭവത്തിൽ വൈകിട്ടോടെയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പെൺകുട്ടികൾ. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടിൽ അമ്മയ്ക്ക് ഒപ്പം വർഷങ്ങളായി താമസിച്ച് വരികയായിരുന്നു ഇരുവരും. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി.

ഭാര്യ പുറത്ത് പോയ സമയത്താണ് മുഹമ്മദ് പെൺകുട്ടികളുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇത് തടയാൻ കുട്ടികളും ശ്രമിച്ചു. ഇതിനിടെ ഉന്തും തള്ളുമുണ്ടായി. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് കുട്ടികൾ മുഹമ്മദിന്റെ തലക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ അമ്മയും പൊലീസിന്റെ കസ്റ്റഡിയിലാണ്. പെൺകുട്ടികളെ നാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. നാളെയാകും തെളിവെടുപ്പും നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here