വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങൾ; പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്

0
216

വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താൻ തീരുമാനിച്ചിരുന്ന സർക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളിൽ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം.

റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് ഇന്നു ചേർന്ന ലീഗ് നേതൃയോഗം രൂപം നൽകി. ഒൻപതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളിൽ തിങ്കളാഴ്ച ജില്ലാ പ്രവർത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും. സംസ്ഥാന പ്രതിനിധികളായി ഡോ. എം.കെ മുനീർ (മലപ്പുറം), ആബിദ് ഹുസൈൻ തങ്ങൾ (കോഴിക്കോട്), അബ്ദുറഹ്‌മാൻ കല്ലായി (കാസർകോട്്), എൻ.എ നെല്ലിക്കുന്ന്(കണ്ണൂർ), സിപി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹ്‌മാൻ രണ്ടത്താണി (പാലക്കാട്) എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

മണ്ഡലം-പഞ്ചായത്തുതല യോഗങ്ങളും നടക്കും. കോഴിക്കോട് ജില്ലയിൽ നാളെ മണ്ഡലം കമ്മിറ്റി യോഗങ്ങളും തിങ്കളാഴ്ച പഞ്ചായത്തുതല യോഗങ്ങളും നടക്കും. മലപ്പുറത്ത് തിങ്കളാഴ്ച മണ്ഡലംതല യോഗങ്ങളും ഏഴിന് പഞ്ചായത്തുതല യോഗങ്ങളും വിളിച്ചുചേർത്തിട്ടുണ്ട്. മുസ്‌ലിം നേതൃസമിതി തീരുമാനിച്ച ചൊവ്വാഴ്ചത്തെ പഞ്ചായത്ത്-മുനിസിപ്പൽ തല പ്രതിഷേധ സംഗമങ്ങളും റാലികളും വൻവിജയമാക്കാനും തീരുമാനമുണ്ട്.

യോഗം ഉന്നതാധികാര സമിതി അംഗം കെപിഎ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻ ഹാജി അധ്യക്ഷനായി. ഡോ. എം കെ മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഇൻചാർജ് അഡ്വ. പിഎംഎ സലാം, സംസ്ഥാന സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്‌മാൻ കല്ലായി, അബ്ദുറഹ്‌മാൻ രണ്ടത്താണി, കെഎം ഷാജി, സിപി ചെറിയ മുഹമ്മദ് അടക്കമുള്ള നേതാക്കൾ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here