വഖഫ് ബോര്‍ഡ് നിയമനത്തില്‍ ലീഗ് പ്രക്ഷോഭത്തിലേക്ക്, ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതമെന്നും മുന്നറിയിപ്പ്

0
76

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടിക്കെതിരേ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. പാണക്കാട് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗ തീരുമാനത്തിനുശേഷം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത ഒന്‍പതിന് വഖഫ് സംരക്ഷണ സമ്മേളനം നടത്തും. ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് സംസ്ഥാന സമ്മേളനവും സംഘടിപ്പിക്കും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പിന്‍വലിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. നിയമന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തില്‍ മാത്രമല്ല രാജ്യവ്യാപകമായി പ്രത്യാഘാതമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും അതുവരെയും പ്രക്ഷോഭം നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. തുടര്‍ പ്രക്ഷോഭങ്ങള്‍ പിന്നീട് ആസൂത്രണം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

വഖഫ് ബോര്‍ഡിനെ അപ്രസക്തമാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ എന്തിനാണ് മുന്നോട്ട് പോകുന്നത്. വഖഫില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ആവശ്യകത മുസ്‌ലിംകള്‍ക്ക് മാത്രമല്ല പൊതു സമൂഹത്തിന്ആകെയും ബോധ്യപ്പെട്ടിട്ടില്ല.

എന്തിനെയും വര്‍ഗീയ വത്കരിക്കുന്നത്? ശരിയല്ല. ന്യായമായ അവകാശങ്ങളെപോലും വര്‍ഗീയത ആരോപിച്ച് നിഷേധിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
രാജ്യത്തെവിടെയും മുമ്പെങ്ങുമില്ലാത്ത നീക്കമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ഇത് ബി.ജെ.പി സര്‍ക്കാറുകള്‍ ആവര്‍ത്തിക്കും. ഇത്തരം നീക്കം വഖഫ് ബോര്‍ഡുകളെ അപ്രസക്തമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നിലപാടിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഇന്നലെ രംഗത്തെത്തിയിരുന്നു. പള്ളിയെ പ്രതിഷേധ വേദിയാക്കുന്നുവെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണമെന്നത് വഖഫ് ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകാര്‍ക്കുള്ള പച്ചക്കൊടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തെ ശത്രുക്കളാക്കി കാണാനുള്ള ശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നു ചേര്‍ന്ന ലീഗ് നേതൃയോഗം വിശദമായി ചര്‍ച്ച ചെയ്തു തന്നെയാണ് പുതിയ തീരുമാനങ്ങള്‍ കൈകൊണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here