ലീഗില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് കുടിയേറിയിരിക്കുന്നു; മുസ്‌ലിം ലീഗിനെ ജിന്നയുടെ ലീഗിനോടുപമിച്ച്‌ കോടിയേരി

0
59

കോഴിക്കോട്: മുസ്‌ലിം ലീഗിനെ മുഹമ്മദലി ജിന്നയുടെ ലീഗിനോട് ഉപമിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ റാലിയും മുസ് ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണെന്ന് കോടിയേരി പറഞ്ഞു.

മുസ്‌ലിം ലീഗും കോണ്‍ഗ്രസും അകപ്പെട്ടിരിക്കുന്നത് അഗാധമായ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. വീണ്ടും അധികാരം ലഭിക്കുന്നതിന് ഇരുക്കൂട്ടരും കണ്ടെത്തിയ പിടിവള്ളിയാണ് ആര്‍.എസ്.എസ്.

സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയ പ്രതിസന്ധിയിലും നിന്ന് രക്ഷനേടാന്‍ കണ്ടെത്തിയിരിക്കുന്നത് വിപത്തിന്റെ വഴിയാണ്.

1906 ഡിസംബറില്‍ ധാക്കയില്‍ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്‌ലിം ലീഗിന്റെ വഴി തീവ്രവര്‍ഗീയതയുടെതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ് ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തില്‍ ലീഗ് പിന്നീട് ഉയര്‍ത്തി.

ബംഗാളില്‍ സായുധരായ മുസ്‌ലിം യുവാക്കള്‍ അക്രമസമരത്തിന് ഇറങ്ങിയപ്പോള്‍ 1946ല്‍ ലീഗ് പ്രതിനിധിയായിരുന്ന ബംഗാള്‍ മുഖ്യമന്ത്രി സുഹ്രാവര്‍ദി അക്രമം അടിച്ചമര്‍ത്താന്‍ പൊലീസിനെയോ സൈന്യത്തെയോ വിട്ടില്ല.

ഈ സംഭവം ബാഗാളിനെ വര്‍ഗീയ കലാപത്തിലേക്ക് നയിച്ചു. അന്നത്തെ അക്രമശൈലി മറ്റൊരുരൂപത്തില്‍ കേരളത്തില്‍ അരങ്ങേറുകയാണ്. അതിന്റെ തെളിവാണ് മുസ്‌ലിം ലീഗ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തുകയും അതില്‍ പച്ചയായി വര്‍ഗീയത് വിളമ്പുകയും ചെയ്തതെന്ന് കോടിയേരി പറയുന്നു.

മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളില്‍ പോലും എല്‍.ഡി.എഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വര്‍ഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റ വിളംബരമായിരുന്നു വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരുപറഞ്ഞ് ലീഗ് കോഴിക്കോട്ട് നടത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിരുദ്ധ പ്രകടനവും സമ്മേളനവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞത് കോണ്‍ഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെപോലും ഞെട്ടിച്ചിരിക്കുകയാണ്. മഹാത്മ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവുമെല്ലാം കോണ്‍ഗ്രസിലുറപ്പിച്ച മതനിരപേക്ഷ ആശയം രാഹുലും സംഘവും പിഴുതെറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിന് മുന്നില്‍ മൗനം പാലിക്കുന്നത് മുസ് ലിം ലീഗിന്റെ ഗതികേടാണെന്നും ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ബി.ജെ.പിയുടെ ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നതിലും തുറന്നുകാട്ടുന്നതിലും വന്‍പരാജയമാണെന്നുമാണ് കോടിയേരി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here