രാജ്യത്തെ ക്രിപ്‌റ്റോ ആസ്തികള്‍ വെളിപ്പെടുത്താന്‍ സമയപരിധി നല്‍കാന്‍ കേന്ദ്രം

0
312

ദില്ലി: ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസി കൈവശമുള്ളവർക്ക് ക്രിപ്റ്റോ ആസ്തികൾ  വെളിപ്പെടുത്താൻ സമയപരിധി നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ക്രിപ്റ്റോ കറൻസി സംബന്ധിച്ച് പുതിയ നിയമങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോർട്ട് പറയുന്നു. ക്രിപ്റ്റോ കറൻസികളെ ആസ്തിയായി കണക്കാക്കി അവയുടെ ഇടപാടുകൾ നിയന്ത്രിക്കാൻ സെബി  (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യെ ചുമതലപ്പടുത്താനാണ് തീരുമാനം.

ക്രിപ്റ്റോ കറൻസികളെ ആസ്തി എന്ന നിലയിൽ കണക്കാക്കുന്നതിനായി ക്രിപ്റ്റോ അസറ്റ് എന്ന വാക്കായിരിക്കും ഉപയോഗിക്കുക. റിസർവ്വ് ബാങ്കും സർക്കാരും അടുത്ത വർഷം ആദ്യം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുദ്ദേശിക്കുന്ന ഡിജിറ്റൽ കറൻസികളിൽ നിന്ന് ക്രിപ്റ്റോകറൻസികളെ വ്യക്തമായി വേർതിരിക്കുന്ന തരത്തിൽ ക്രിപ്റ്റോ അസറ്റ് എന്നായിരിക്കും നിലവിലുള്ള ക്രിപ്റ്റോ കറൻസികളെ കണക്കാക്കുക.

നിർദ്ദേശങ്ങൾ അനുസരിച്ച്, നിയമ ലംഘനത്തിനുള്ള ശിക്ഷയായി, 20 കോടി രൂപയോ (ഏകദേശം 2.7 മില്യൺ ഡോളർ) അല്ലെങ്കിൽ 1.5 വർഷം തടവോ ശിക്ഷയായി നൽകുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടൊപ്പം, ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോ ആസ്തികളിൽ നിക്ഷേപിക്കുന്നതിന് മിനിമം പരിധി നിശ്ചയിക്കുന്നതും പരിഗണനയിലാണ്.

രാജ്യത്ത് നിലവിൽ സർക്കാരോ മറ്റ്  പ്രമുഖ വ്യവസായികളുോ ക്രിപ്‌റ്റോകറൻസിയെ കുറിച്ചോ അവയ്ക്ക് ആധാരമായ ബ്ലോക്ക് ചെയിനിനെ കുറിച്ചോ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല. രാജ്യത്ത് ക്രിപ്‌റ്റോ കറൻസി പ്രോത്സാഹിപ്പിക്കുന്നതിനോ നിയമപരമായി അംഗീകരിക്കുന്നതിനോ ഉള്ള പദ്ധതികൾ സർക്കാരിനില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ചെയിൻ അനാലിസിസ് സർവ്വെ പ്രകാരം 2021-ൽ 641 ശതമാനത്തിലധികം വളർച്ച കൈവരിച്ച് ഇന്ത്യൻ ക്രിപ്‌റ്റോകറൻസി വിപണി ഗണ്യമായി ഉയർന്നു. ലോകത്തിലെ ഏറ്റവുമധികം ‘ക്രിപ്‌റ്റോ-അവബോധമുള്ള’ ഏഴാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് 154 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള  2021ലെ ഗ്ലോബൽ ക്രിപ്‌റ്റോ അഡോപ്‌ഷൻ ഇൻഡക്‌സ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here