മഴ മാറി, ഇനി വെയിലിനെ പേടിക്കണം; രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കേരളത്തിൽ, പകൽ ചൂട് കൂടും

0
287

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറി മാനം തെളിഞ്ഞതോടെ വെയിലിനെ പേടിക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലമായി കേരളം ഈ ദിവസങ്ങളിൽ മാറുകയാണ്. ഇന്നത്തെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില. നിലവിലെ സാഹചര്യത്തിൽ പകൽസമയങ്ങളിൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്.

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ദിസങ്ങളിലും മഴ വിട്ടു നിൽക്കാനാണ് സാധ്യത. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ കിട്ടിയേക്കും. മത്സ്യത്തൊഴിലാളികൾക്ക് ഒരിടത്തും ജാഗ്രത നിർദ്ദേശമില്ലെന്നതാണ് മറ്റൊരു കാര്യം.

കാലം പിഴച്ച് കാലാവസ്ഥയിലൂടെ കാലാവസ്ഥാ മാറ്റം കേരളത്തിലുണ്ടാക്കുന്ന അതീവ ഗുരുതര പ്രശ്നങ്ങളാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കൊച്ചിയും ആലപ്പുഴയുമടക്കം കേരളത്തിന്‍റെ ഒട്ടുമിക്ക തീരനഗരങ്ങളും മുങ്ങാനുള്ള സാധ്യതയും, ശംഖുംമുഖത്തെ തീരശോഷണം ഇനിയും തുടർന്നാൽ തിരുവനന്തപുരം വിമാനത്താവളം കടലെടുക്കാനുള്ള സാധ്യതയും ‘കാലം പിഴച്ച് കാലാവസ്ഥ’ പരമ്പരയിൽ കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞർ പങ്കുവച്ചിരുന്നു.

നീണ്ട മഴക്കാലം, നീണ്ട വേനൽക്കാലം – കേരളത്തിന്‍റെ കടലിനെയും കായലിനെയും ആവാസവ്യവസ്ഥയെയും ഒരു നൂലിൽ കോർത്തവണ്ണം അതിസൂക്ഷ്മമായി പരിപാലിച്ചിരുന്നത് ഈ നീണ്ട സീസണുകളാണ്.  പക്ഷെ 2017ലെ ഓഖിക്ക് ശേഷം കേരളവും കാലാവസ്ഥ വ്യതിയാനം നേരിട്ട് അനുഭവിച്ച് അറിഞ്ഞു തുടങ്ങി. കേരളത്തിന്‍റെ കടലിലും തീരത്തും മെല്ലെ മെല്ലെ ഉണ്ടാകുന്ന മാറ്റങ്ങൾ അത്യന്തം ഗുരുതരമായ അപകടങ്ങൾ കാത്തിരിക്കുവെന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞർ നൽകുന്നത്.

കാലവർഷക്കാലത്ത് എടുത്തുകൊണ്ടുപോകുന്ന മണലെല്ലാം കടൽ തുലാവർഷക്കാലത്ത് തിരികെ കൊണ്ട് ഇടും. പിന്നെ നാല് മാസത്തോളം നീണ്ട ശാന്തതയാണ്. ഇങ്ങനെയാണ് കേരളത്തിന്‍റെ തീരങ്ങൾ നിലനിന്നുപോന്നത്. പക്ഷെ അശാസ്ത്രീയമായ തുറമുഖ നിർമാണങ്ങളും പുലിമുട്ടുകളും കടൽഭിത്തികളും കയ്യേറ്റങ്ങളും, മണൽ വാരലും തീരങ്ങളിലെ സ്വാഭാവികത തടസ്സപ്പെടുത്തി. കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാതാക്കി. ഫലത്തിൽ നേരിയ മാറ്റങ്ങൾ പോലും വലിയ തോതിൽ പ്രതിഫലിച്ച് തുടങ്ങി. കാലം തെറ്റി പെയ്യുന്ന മഴയും തുടർച്ചയായ ചുഴലിക്കാറ്റുകളും ന്യൂനമർദ്ദങ്ങളും കൂടെയായതോടെ തീരം തീർത്തും ദുർബലമായി. ഓഖിക്ക് ശേഷം ശംഖുമുഖം ഇടിഞ്ഞതും വലിയതുറ ശോഷിച്ചതും ഇതിന് ഉദാഹരണമാണ്.

ദേശീയ തീര ഗവേഷണ കേന്ദ്രത്തിന്റ കണക്ക് പ്രകാരം കേരളത്തിന്റെ 41% തീരമേഖലയിലും മാറ്റങ്ങൾ പ്രകടമാണ്. 37% ശതമാനം തീരപ്രദേശം മാത്രമാണ് സുരക്ഷിതം. യുഎസ് ആസ്ഥാനമായ ക്ലൈമറ്റ് സെൻട്രലിന്റെ നിഗമനങ്ങൾ അനുസരിച്ച് ചുവപ്പിൽ കാണുന്ന കേരളത്തിന്റെ തീരങ്ങളൊക്കെയും അപകടത്തിലാണ്. കടൽനിരപ്പിന് താഴെയുള്ള പ്രദേശങ്ങളൊക്കെ കടലെടുക്കും. കടലിന്റെ ചൂട് കൂടുന്നതും മത്സ്യസമ്പത്തിലെ മാറ്റങ്ങളും ഒക്കെ മറ്റ് അന്തരഫലങ്ങൾ.

തീരശോഷണം നിയന്ത്രിക്കാനായില്ലെങ്കിൽ, ഇനിയുള്ള കാലാവസ്ഥ മാറ്റങ്ങളെ കേരളം താങ്ങില്ല. ബാക്കിയുള്ള തീരമെങ്കിലും സംരക്ഷിക്കുക, നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുക. കാലാവസ്ഥവ്യതിയാനത്തോട് മല്ലിടാൻ ഇത് മാത്രമാണ് വഴിയെന്നാണ് ശാസ്ത്രജ്ഞർ  ‘കാലം പിഴച്ച് കാലാവസ്ഥ’യിൽ പങ്കുവച്ച വികാരം.

LEAVE A REPLY

Please enter your comment!
Please enter your name here