മദ്‌റസ അധ്യാപകര്‍ക്കുനേരെ അക്രമം; പിന്നില്‍ ആര്‍.എസ്.എസെന്ന് ലീഗ് നേതൃത്വം

0
82

പാനൂര്‍: പൊയിലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മദ്‌റസ അധ്യാപകര്‍ക്കു നേരെ കല്ലേറ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പൊയിലൂര്‍ തഅലീമു സ്വിബ്‌യാന്‍ മദ്‌റസിലെ അധ്യാപകര്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. മദ്‌റസയ്ക്ക് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു ജുറൈജ് റഹ്മാനി, ഷബീര്‍ ഹുദവി, ഹാമിദ് കോയ എന്നിവര്‍. ഇവിടെ വെച്ചാണ് മൂവര്‍ക്കും നേരെ ആക്രമണമുണ്ടായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.

ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. ഷാഹുല്‍ ഹമീദ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ആക്രമണങ്ങളിലൂടെ നാടിന്റെ സമാധാനം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് കമ്മിറ്റി പറഞ്ഞു.

സ്ഥലത്ത് വര്‍ഗീയ കലാപമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍.എസ്.എസ്- ബി.ജെ.പി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെതിരെ പൊതുജനങ്ങള്‍ അണിനിരക്കണമെന്നും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി പറഞ്ഞു.

അതേസമയം, ഉസ്താദുമാരെ ആക്രമിച്ചതില്‍ ആര്‍.എസ്.എസിനോ സംഘപരിവാര്‍ സംഘടനകള്‍ക്കോ പങ്കില്ലെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി വി.പി. സുരേന്ദ്രന്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവരാണെന്നും പൊലീസ് കൃത്യമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here