‘പ്രേത ബാധ’; 9 വര്‍ഷത്തിന് ശേഷം ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി കിടന്നുറങ്ങി,സംഭവിച്ചത്..

0
222

ടോകിയോ: ഒമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ജപ്പാന്‍ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ കിടന്നുറങ്ങി. പ്രേതങ്ങളാല്‍ വേട്ടയാടപ്പെടുന്നുവെന്ന് പ്രചാരണമുള്ള ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമ്യോ കുഷിദ കഴിഞ്ഞ രാത്രി ചെലവഴിച്ചു. ഒന്നും സംഭവിച്ചില്ല. സുഖമായി കിടന്നുറങ്ങിയെന്ന് കുഷിദ തിങ്കളാഴ്ച രാവിലെ പറഞ്ഞു.

കിഷിദയുടെ മുന്‍ഗാമികളായ യോഷിഹിഡെ സുഗയുടേയും ഷിന്‍സോ ആബെയുടേയും കാലഘട്ടത്തില്‍ സെന്‍ട്രല്‍ ടോക്കിയോയിലെ ഈ ഔദ്യോഗിക വസതി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

1930-കളില്‍ രണ്ടുതവണ പട്ടാള അട്ടിമറി നടന്ന ചരിത്രമുണ്ട് ഈ  ഇഷ്ടിക കെട്ടിടത്തിന്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മിനിറ്റ് നടക്കാനുള്ള ദൂരമാണ് ഇങ്ങോട്ടേക്കുള്ളത്. പട്ടാള അട്ടിമറി സമയത്ത് ഒരു പ്രധാനമന്ത്രി ഉള്‍പ്പടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടെ വെച്ച് കൊലചെയ്യപ്പെട്ടു.

കൊലചെയ്യപ്പെട്ട ചിലരുടെ പ്രേതങ്ങള്‍ ഈ കെട്ടിടത്തില്‍ അലഞ്ഞ് തിരിയുന്നുണ്ടെന്നും ഇവിടെ താമസിക്കുന്നവരെ വേട്ടയാടുമെന്നുമാണ് വര്‍ഷങ്ങളായിട്ടുള്ള പ്രചാരണം.

‘ഞാന്‍ നന്നായി ഉറങ്ങി’തിങ്കളാഴ്ച രാവിലെ ഔദ്യോഗിക വസതിയില്‍ നിന്നിറങ്ങിയ ശേഷം ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ബജറ്റ് കമ്മിറ്റി യോഗം ഇന്ന് പാര്‍ലമെന്റില്‍ ആരംഭിക്കും. ഒരു പുതുമ അനുഭവപ്പെടുന്നു. നന്നായി കഠിനാധ്വാനം ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്’ കിഷിദ പറഞ്ഞു.

കെട്ടിടത്തില്‍ എവിടയെങ്കിലും പ്രേതത്തെ കണ്ടോ എന്ന ചോദ്യത്തിന് തനിക്കൊന്നും കാണാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം സരസമായി മറുപടി നല്‍കി.

1932-ല്‍ ഒരു പട്ടാള അട്ടിമറി ശ്രമത്തിനിടെ അന്നത്തെ പ്രധാനമന്ത്രി സുയോഷി ഇനുകോയി ഈ വസതിയില്‍ വെച്ച് കൊല്ലപ്പെട്ടു. അതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു പട്ടാള  അട്ടിമറി ശ്രമവും ഇവിടെ നടന്നു. 2011-12 കാലത്ത് ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്ന യോഷിഹിക്കോ നോഡയാണ് ഔദ്യോഗിക വസതിയില്‍ അവസാനമായി താമസിച്ച നേതാവ്. പ്രധാനമന്ത്രിയുടെ ഓഫീസ് നിലനില്‍ക്കുന്ന അതേ കോമ്പൗണ്ടിലുള്ള ഈ വസതിയിലേക്ക് ഇപ്പോള്‍ കിഷിദയുടെ മാറ്റം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുള്ള ശ്രദ്ധ ക്ഷണിക്കലിന് വേണ്ടിയുള്ളതാണെന്ന് ജപ്പാനീസ് മാധ്യമങ്ങള്‍ പറഞ്ഞു.

കിഷിദയുടെ മുന്‍ഗാമി, മുന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, അദ്ദേഹത്തിന്റെ ഭരണകാലത്ത് പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള കെട്ടിടസമുച്ചയത്തിലാണ്‌ താമസിച്ചിരുന്നത്, മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ 2012 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ടോക്കിയോയിലെ തന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്.

‘എന്റെ പൊതു ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രയോജനകരമാകുമെന്ന് കരുതുന്നതിനാലാണ് ഞാന്‍ ഇങ്ങോട്ടേക്ക് മാറാന്‍ തീരുമാനിച്ചത്’ കിഷിദ ശനിയാഴ്ച വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here