പൊലീസിലെ സുപ്രധാന തസ്തികകള്‍ ആര്‍.എസ്.എസുകാര്‍ കൈയടക്കുന്നു; ഇടത് അനുകൂലികള്‍ ജോലിഭാരം കുറവുള്ള തസ്തികകള്‍ തേടിപോകുന്നെന്നും കോടിയേരി

0
275

പത്തനംതിട്ട: പൊലീസിൽ ആർഎസ്എസ് അനുകൂലികളുടെ സാന്നിധ്യം സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടി ജില്ലാ സമ്മേളനത്തിലായിരുന്നു പൊലീസിലെ ആര്‍എസ്എസ് അനുകൂലികളെ കുറിച്ച് കോടിയേരി പറഞ്ഞത്. സ്റ്റേഷന്‍ ജോലികൾ ചെയ്യുന്നവരിൽ ആർഎസ്എസ് അനുകൂലികളുണ്ട്. ഇടത് അനുകൂല പൊലീസുകാർ ജോലിഭാരം കുറവുള്ള തസ്തികൾ തേടി പോകുകയാണ്. ഗണ്‍മാന്‍ ആകാനും സ്പെഷ്യല്‍ ബ്രാഞ്ചില്‍ കയറാനും തിരക്ക് കൂട്ടുന്നു. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍എസ്എസ് അനുകൂലികള്‍ കയറി കൂടുകയാണെന്നായിരുന്നു കോടിയേരിയുടെ നിരീക്ഷണം.

അതേസമയം കെ റെയിൽ പദ്ധതി ചെലവ് 84000 കോടി കവിയുമെന്നും ചെലവ് എത്ര ഉയർന്നാലും പദ്ധതി ഇടത് സർക്കാർ നടപ്പാക്കുമെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വി എസ് സര്‍ക്കാരിന്‍റെ കാലത്ത് തയ്യാറാക്കിയ പദ്ധതിയാണ് കെ റെയില്‍. ചെലവ് എത്ര ഉയർന്നാലും പദ്ധതി ഇടത് സർക്കാർ നടപ്പാക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. കെ റെയില്‍ പദ്ധതിയില്‍ പരിഷത്ത് വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രതികരണം.

എസ്‍ഡിപിഐയും ജമാഅത്തും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. വിമോചന സമരത്തിന് സമാനമായ സർക്കാർ വിരുദ്ധ നീക്കമാണിത്. ഈ കെണിയിൽ യുഡിഎഫും വീണു. കെ റെയിൽ യാഥാർത്ഥ്യമായാൽ യുഡിഎഫിൻ്റെ ഓഫീസ് പൂട്ടും. ദേശീയ തലത്തിൽ സിപിഎം അതിവേഗ പാതക്ക് എതിരല്ലെന്നും കോടിയേരി പറഞ്ഞു. അതിരപ്പള്ളി പദ്ധതിക്ക് ഇപ്പോൾ പ്രസക്തി കുറഞ്ഞെന്നും കോടിയേരി പറഞ്ഞു.  ജലവൈദ്യുതിക്ക് ഇനി ചെലവേറുന്ന കാലമാണ്. മുന്നണിയിൽ സമവായമില്ലാത്തതും പ്രശ്നമാണെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here