പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക; ഇന്ത്യന്‍ ജയം 113 റണ്‍സിന്

0
215

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. പ്രോട്ടീസിനെ 113 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.

ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത്‌ ബുംറയും മുഹമ്മദ് ഷമിയുമാണ് പ്രോട്ടീസിനെ തകര്‍ത്തത്. അശ്വിനും സിറാജും രണ്ടു വിക്കറ്റെടുത്തു.

സ്‌കോര്‍: ഇന്ത്യ – 327/10, 174/10, ദക്ഷിണാഫ്രിക്ക – 197/10, 191/10.

നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പ്രതിരോധിച്ച് കളിച്ച ഓപ്പണര്‍ ഡീന്‍ എല്‍ഗറെ ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കി. 156 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 77 റണ്‍സായിരുന്നു എല്‍ഗറുടെ സമ്പാദ്യം.

പിന്നാലെ 21 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ മൂന്ന് പന്തുകള്‍ മാത്രം നേരിട്ട വിയാന്‍ മള്‍ഡറെ (1) ഷമിയും പുറത്താക്കി.

നേരത്തെ നാലാം ദിനം രണ്ടാം ഓവറില്‍ തന്നെ ഏയ്ഡന്‍ മാര്‍ക്രമിന്റെ (1) കുറ്റി പിഴുത ഷമിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിവെച്ചത്. പിന്നാലെ 36 പന്തുകള്‍ പ്രതിരോധിച്ച കീഗന്‍ പീറ്റേഴ്‌സനെ സിറാജ് മടക്കി.

മൂന്നാം വിക്കറ്റില്‍ എല്‍ഗറിനൊപ്പം ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ച റാസ്സി വാന്‍ഡെര്‍ ദസ്സന്റെ ഊഴമായിരുന്നു അടുത്തത്. 65 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത താരത്തെ ബുംറ മടക്കുകയായിരുന്നു. തുടര്‍ന്ന് കേശവ് മഹാരാജിനെയും (8) ബുംറ മടക്കിയതിനു പിന്നാലെ അമ്പയര്‍മാര്‍ നാലാം ദിവസത്തെ കളി നിര്‍ത്തുകയായിരുന്നു.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ 130 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 174 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 305 റണ്‍സായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാദയും മാര്‍ക്കോ യാന്‍സനുമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ 174-ല്‍ ഒതുക്കിയത്. എന്‍ഗിഡി രണ്ടു വിക്കറ്റ് വീഴ്ത്തി.

34 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാനായി എത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 പന്തില്‍ പത്തു റണ്‍സായിരുന്നു ശാര്‍ദുലിന്റെ സമ്പാദ്യം.

അധികം വൈകാതെ 74 പന്തില്‍ 23 റണ്‍സെടുത്ത കെ.എല്‍ രാഹുലിനെ ലുങ്കി എന്‍ഗിഡി പുറത്താക്കി. സ്‌കോര്‍ 79-ല്‍ എത്തിയപ്പോള്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി. 64 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും എന്‍ഗിഡി പുറത്താക്കി. തൊട്ടുപിന്നാലെ 20 റണ്‍സുമായി അജിങ്ക്യ രഹാനെയും മടങ്ങി. പിന്നാലെ ആര്‍. അശ്വിന്‍ (14), മുഹമ്മദ് ഷമി (1), സിറാജ് (9) എന്നിവരെ പെട്ടെന്ന് മടക്കിയ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 14 പന്തില്‍ നാല് റണ്‍സായിരുന്നു മായങ്കിന്റെ സമ്പാദ്യം.

കെ.എല്‍ രാഹുലിന്റെ സെഞ്ചുറി കരുത്തില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 327 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 197 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം ഇന്ത്യക്ക് കൂറ്റന്‍ ലീഡും സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here