പള്ളികളെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുത്; സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തുമെന്ന പി.എം.എ. സലാമിന്റെ ആഹ്വാനത്തിനെതിരെ വിമര്‍ശനം

0
354

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തുമെന്ന മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ ആഹ്വാനത്തിനെതിരെ വിമര്‍ശനമുയരുന്നു. പള്ളികളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് സലാമിന്റെ നിലപാടെന്നാണ് ഉയരുന്ന വിമര്‍ശനം.

‘മുസ്‌ലിം പള്ളികള്‍ ലീഗ് ഓഫീസല്ല. പള്ളികളില്‍ ചോര വീഴാന്‍ ഇടം നല്‍കിയാല്‍ അതിന് ഉത്തരവാദി മുസ്‌ലിം ലീഗാണ്,’ കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് പറഞ്ഞു.

പള്ളികളെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇടത് അനുഭാവികള്‍ പറയുന്നത്.


പള്ളിക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞു ജയിക്കാനും സമരം ചെയ്തു നില്‍ക്കാനും ഇനിയും ലീഗ് വളര്‍ന്നിട്ടില്ല എന്നാണെങ്കില്‍ ആ പാര്‍ട്ടി പിരിച്ചുവിടുകയാണ് നല്ലതെന്നാണ് മുഹമ്മദ് അലി കിനാലൂര്‍ പറയുന്നത്.

മുസ്‌ലിം ലീഗിന് പള്ളി മിഹ്‌റാബുകള്‍ വിട്ടുകൊടുക്കാന്‍ ഏതെങ്കിലും സംഘടനകള്‍ സന്നദ്ധമായാലും അത് ഉപയോഗിക്കാതിരിക്കാനുള്ള പക്വത ലീഗ് നേതൃത്വം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരാധനാലയങ്ങളെ രാഷ്ട്രീയ ലാഭത്തിന് പരസ്യമായി ഉപയോഗിച്ചത് ചോദ്യം ചെയ്യപ്പെടുമെന്നാണ് ഫൈസല്‍ കൊണ്ടോട്ടി പറഞ്ഞത്.


പള്ളികളെ ലീഗിന്റെ പാര്‍ട്ടി രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കി മാറ്റാനനുവദിക്കരുതെന്നും മഹല്ലുകളില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും അഷ്‌റഫ് ഒളവട്ടൂര്‍ പറഞ്ഞു.


സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്നാരോപിച്ചാണ് വെള്ളിയാഴ്ച പള്ളികളില്‍ പ്രചരണം നടത്തുമെന്ന് പി.എം.എ. സലാം പറഞ്ഞത്.

വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മതസംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ വകുപ്പ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here